എറണാകുളം: ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമ്പ്രദായിക പരീക്ഷാ രീതികള്‍, ചട്ടങ്ങള്‍, നിയമങ്ങള്‍ എന്നിവ സമീപഭാവിയില്‍ പരിഷ്‌ക്കരിക്കാന്‍ ആലോചിക്കുന്നതായും അതിന് അക്കാദമിക സമൂഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, പുതുപ്പള്ളി അപ്ലൈയ്ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ അക്കാദമിക് ബ്ലോക്കുകളുടെയും പൂഞ്ഞാര്‍ പോളിടെക്‌നിക് കോളേജ് മന്ദിരത്തിന്റെയും ഉദ്ഘാടനം തൃക്കാക്കരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള വലിയ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുളളത്. അനുപമമായ കേരള വികസന മാതൃകയുടെ രണ്ടാം തരംഗമാണിത്. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത അവസരങ്ങള്‍ ഉറപ്പാക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സമ്പദ്ഘടനയുടെ വിപുലീകരണത്തില്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ജ്ഞാനോത്പാദന കേന്ദ്രങ്ങളിലെ അറിവുകള്‍ പ്രയോജനപ്പെടുത്തും.
ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ സ്ഥാപനങ്ങളുടെയും അടിസഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഉറപ്പാക്കും. കലാലയങ്ങളില്‍ നിന്ന് ആര്‍ജിക്കുന്ന സാങ്കേതിക വിദ്യകള്‍ സമൂഹത്തിന് ഉപകാരപ്പെടുത്തണം. ഓരോ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേര്‍ന്ന് ചെറുകിട ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കണം. ഗുണമേന്മയുള്ള വിദ്യാഭ്യാസ സാഹചര്യങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സാധാരണക്കാരായ കുട്ടികള്‍ക്ക് നല്‍കി ഐ.എച്ച്.ആര്‍.ഡി സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച റോബോട്ട് നിയന്ത്രിത ട്രോളികള്‍ മന്ത്രി എറണാകുളം ജനറല്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറി.
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ പി.ടി തോമസ് എംഎല്‍എ ഓണ്‍ ലൈനില്‍ അധ്യക്ഷത വഹിച്ചു. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ പി. സുരേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇ.പി. കാതര്‍കുഞ്ഞ്, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്ദു പി, പി.ടി.എ വൈസ് പ്രസിഡന്റ് ഷൈന്‍ യു.പി, പ്രിന്‍സിപ്പാള്‍ വിനു തോമസ്, വിദ്യാര്‍ത്ഥി പ്രതിനിധി ഹുസ്‌ന ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.