ഫിനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ സഹായത്തോടെ അട്ടപ്പാടി കീരിപ്പതി ഊരില്‍ ശുദ്ധജലം എത്തി. പദ്ധതിയുടെ ഉദ്ഘാടനം കെ.എച്ച്.എന്‍.എ പ്രസിഡന്റ് ഡോ.സതീഷ് അമ്പാടി നിര്‍വഹിച്ചു.
അട്ടപ്പാടിയിലെ ഏറ്റവും വരണ്ട മേഖലകളില്‍ ഒന്നാണ് ഷോളയൂര്‍ പഞ്ചായത്തിലെ കീരിപ്പതി. മഴക്കാലത്ത് പോലും ഇവിടെ കുടിവെള്ളം കിട്ടാക്കനിയാണ്. ഊരില്‍ നിന്നും അര കിലോമീറ്ററിലധികം കാട്ടിലൂടെ നടന്നാലാണ് ഒരു ചെറിയ നീരുറവ ഉള്ളത്. വേനല്‍ക്കാലമായാല്‍ അതും നിലക്കും. വന്യമൃഗശല്യം രൂക്ഷമായ വനത്തിലൂടെ കുത്തനെ ഉള്ള കയറ്റത്തിലൂടെ കുടിവെള്ളം ചുമന്ന് കൊണ്ട് വരുന്നതും കീരിപ്പതി ഊരിലെ വനവാസി സഹോദരന്മാര്‍ക്ക് നിത്യവുമുള്ള ദുരിതമായിരുന്നു.
15 വര്‍ഷം മുമ്പ് തുടങ്ങിയ ജലനിധി കുടിവെള്ള പദ്ധതിയില്‍ നിന്നും ഊരില്‍ വെള്ളം എത്താത്ത അവസ്ഥ വന്നു. ബെഥനി ആശുപത്രി അധികൃതര്‍ കിണര്‍ കുഴിച്ചതും കുറച്ചു ദിവസങ്ങളില്‍ വറ്റിപ്പോയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു ഉണ്ടാക്കിയ പൈപ്പ് ലൈനും ടാപ്പുകളും ഇപ്പോഴുമുണ്ട്. എന്നാല്‍ അതിന്റെ ഭാഗമായി കുഴിച്ച കുഴല്‍ കിണറും ദീര്‍ഘകാലം വെള്ളം നല്‍കിയില്ല. കുടിവെള്ളമെന്നത് എന്നും ഒരു കിട്ടാക്കനിയായി കീരിപ്പതിക്കാര്‍ക്ക് മാറിയിരുന്നു.
മുപ്പതില്‍ അധികം കുടുംബങ്ങള്‍ ആണ് ഊരില്‍ ഇപ്പോള്‍ ഉള്ളത്. കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ പലരും ഊരുപേക്ഷിച്ച് പലായനം ചെയ്തു. ഊരിലെ മൂപ്പനും മറ്റു ഗ്രാമ സമിതി അംഗങ്ങളും കിടിവെള്ളത്തിനായി അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ട്രസ്റ്റിന്റെ പിന്തുണ തേടി.
തുടര്‍ന്നാണ് പദ്ധതിക്കുള്ള സാമ്പത്തിക സഹായം കെ.എച്ച്.എന്‍.എ നല്‍കിയത്. ഓഗസ്റ്റ് മാസത്തില്‍ ബോര്‍വെല്ലിന്റെ പണി പൂര്‍ത്തീകരിച്ചു.720 അടി ആഴത്തില്‍ നിന്നാണ് വെള്ളം ലഭിക്കുന്നത്. കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയത്തോടെ വര്‍ഷങ്ങളോളമായിട്ടുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഊര് വാസികള്‍.
ഉദ്ഘാടന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കെ എച്ച് എന്‍ എ കോര്‍ഡിനേറ്ററുമായ പി.ശ്രീകുമാര്‍, ആര്‍ക്കിടെക്റ്റ് എ.കെ പ്രശാന്ത് , സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.നാരായണന്‍, സെക്രട്ടറി എസ് സജികുമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഇ.കെ ഷൈനി, കെ എല്‍ പ്രേംകുമാര്‍,ജെ. അനന്തു, കെ.എസ്.അനന്തു എന്നിവര്‍ സംസാരിച്ചു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ കുടിവെള്ള പദ്ധതിയാണ് ഇത്. ജനുവരിയില്‍ ഷോളയൂര്‍ പഞ്ചായത്തിലെ ചാവടിയൂര്‍ ഊരില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു.
വളരെ കുറഞ്ഞ സമയം കൊണ്ട് ധനസമാഹരണം നടത്തിയ കെ.എച്ച് ഐന്‍ എ ഭാരവാഹികള്‍ക്കും ധനസഹായം നല്‍കിയ സജ്ജനങ്ങള്‍ക്കും ഊരുമൂപ്പന്‍ വെള്ളിയന്‍കിരി നന്ദി പറഞ്ഞു. പരമ്പരാഗത രീതിയില്‍ പാട്ടും നൃത്തവുമായിട്ടാണ് ഊരിലേക്ക് അതിഥികളെ സ്വീകരിച്ചത്.
പദ്ധതി പൂര്‍ത്തിയാക്കുന്നതിലും തുടര്‍ന്ന് നടത്തുന്നതിലും കീരിപ്പതി ഊരു നിവാസികളുടെ പങ്കാളിത്തം വലുതാണ്. അതിന്റെ വിജയം കൂടിയായിരുന്നു ഉദ്ഘാടന ദിവസം കണ്ട ഊരിലെ കൂട്ടായ്മ