92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ ഒരേ സമയം ഉദ്ഘാടനം ചെയ്യപ്പെടുന്നു ;107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നു ;മൊത്തം 362 കോടിയുടെ വികസന പ്രവർത്തനം.
എൽ ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ഈ മാസം 14 ന് ചൊവ്വാഴ്ച 3.30 ന് 92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു. ആകെ 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എം.എല്‍.എമാരും ഈ ചടങ്ങിന്റെ ഭാഗമാകും. ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ചടങ്ങിന് സ്വാഗതവും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നന്ദിയും ആശംസിക്കും. നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒയുമായ ജീവന്‍ ബാബു.കെ, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ , കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത്, സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി.കുട്ടികൃഷ്ണന്‍ എസ്.ഐ.ഇ.ടി. ഡയറക്ടര്‍ അബുരാജ്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ.ലാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും. ഇത്രയും കെട്ടിടങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം നടത്തുന്നതും ഇത്രമാത്രം ഇടങ്ങിളിലേക്ക് വ്യാപിച്ച് ഉദ്ഘാടന കേന്ദ്രങ്ങള്‍ വരുന്നതും ഇത്രമാത്രം ജനപ്രതിനിധികള്‍ ഒരുമിച്ച് ഒരു ചടങ്ങിന്റെ ഭാഗമാകുന്നു എന്നതും സെപ്റ്റംബര്‍ 14 ലെ ചടങ്ങിന്റെ മാറ്റ് കൂട്ടുന്നു.
14ന് ഉദ്ഘാടനം ചെയ്യുന്ന 92 സ്കൂള്‍ കെട്ടിടങ്ങളില്‍ കിഫ്ബി 5 കോടിധന സഹായത്തോടെയുള്ള 11 സ്കൂള്‍ കെട്ടിടങ്ങള്‍, 3 കോടി ധനസഹായത്തോടെയുള്ള 23 സ്കൂള്‍ കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം ഫണ്ട്, നബാര്‍ഡ് ഫണ്ട്, എം.എല്‍.എഫണ്ട് എന്നിവ ഉപയോഗിച്ച് 58 സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടും. തറക്കല്ലിടുന്ന സ്കൂള്‍ കെട്ടിടങ്ങളില്‍ 84 എണ്ണം കിഫ്ബിയുടെ ഒരു കോടി ധനസഹായത്തോടെ കില എസ്.പി.വിയായി നിര്‍മ്മാണം നടത്തുന്ന സ്കൂള്‍ കെട്ടിടങ്ങളാണ് . ബാക്കി 23 എണ്ണം പ്ലാന്‍ ഫണ്ട് വിനിയോഗിച്ചുമാണ്. ഉദ്ഘാടനം ചെയ്യുന്ന ഹയര്‍സെക്കന്ററി ലാബും, ലൈബ്രറിയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയാണ്. ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങളുടെ മതിപ്പ് ചെലവ് 214 കോടി രൂപയോളമാകും. അതുപോലെ ശിലാസ്ഥാപനം നടത്തുന്ന കെട്ടിടങ്ങള്‍ക്ക് 124 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകണം എന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇതിനനുസരിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. അനുകൂല സാഹചര്യം വന്നാല്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുന്‍ഗണന നല്‍കും. അതിന്റെ ഭാഗമായി അധ്യാപക നിയമനങ്ങള്‍ പൂര്‍ത്തിയാക്കി. അധ്യാപകര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കി വരുന്നു.
കഴിഞ്ഞ 16 മാസക്കാലത്തിലേറെയായി കുട്ടികള്‍ വീടുകളിലാണ്. അത് അവര്‍ക്ക് ശീലമില്ലാത്ത കാര്യമാണ്. സംഘം ചേര്‍ന്ന് കളിയ്ക്കുമ്പോഴും ഇടപഴകുമ്പോഴുമാണ് വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയും വികാസവും ഉണ്ടാകുന്നത്. വീടുകളില്‍ ദീര്‍ഘകാലം കഴിഞ്ഞുകൂടേണ്ടിവന്ന കുട്ടികളുടെ ജീവിത രീതിയും ശീലങ്ങളും വലിയ തോതില്‍ മാറിയിട്ടുണ്ടാകും. സ്കൂള്‍ തുറന്നുകഴിഞ്ഞാല്‍ കുട്ടികള്‍ക്ക് വൈകാരികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. മുഴുവന്‍ കുട്ടികളേയും തിരിച്ച് സ്കൂളിലെത്തിക്കുക എന്ന വെല്ലുവിളി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളടക്കം നേതൃത്വത്തില്‍ ജനകീയ സഹകരണത്തോടെ ഏറ്റെടുക്കും. കുട്ടികള്‍ക്ക് സാധാരണ ക്ലാസ്സുകള്‍ ഇല്ലാത്തിനാല്‍ ഉണ്ടാകാനിടയുള്ള പഠന വിടവ് പരിഹരിക്കുന്നതിനാവശ്യമായ പിന്തുണ വിദ്യാഭ്യാസ വകുപ്പിലെ ഏജന്‍സികളുടെ കൂട്ടായ്മയില്‍ നല്‍കും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരുന്നു.
സ്കൂള്‍ പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാ സാധ്യതകളെ പാഠ്യപദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്. 2013ലാണ് പാഠ്യപദ്ധതി ഏറ്റവും അവസാനമായി പരിഷ്ക്കരിച്ചത്. അതിന് ശേഷം അറിവിന്റെ മേഖലകളിലും സാങ്കേതിക വിദ്യയുടെ രംഗത്തും, ബോധന രംഗത്തും വന്ന മാറ്റങ്ങളെ ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്. അതോടൊപ്പം ലിംഗതുല്യത, ലിംഗാവബോധം എന്നിവ വളരാന്‍ ആവശ്യമായ അവസരങ്ങളും പാഠ്യപദ്ധതിയിലുണ്ടാകണം. നിലവിലുള്ള പാഠപുസ്തകങ്ങളുടെ ജന്റര്‍ ഓഡിറ്റ് നടത്താനും നിലവില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കാനും പുതിയ പാഠ്യപദ്ധതിയിലൂടെ കഴിയണം. കുട്ടികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുക എന്നത് ഏറ്റവും മുന്‍ഗണനയോടെ അഭിമുഖീകരിക്കും. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ രോഗാതുരരാകുന്നു എന്ന പ്രശ്നമുണ്ട്. അതും ഗൗരവമായിക്കാണുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.