നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ധര്‍ണ നടത്തി.
പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും, പൊതുമുതലും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നടപടി അവസാനിപ്പിക്കുക, മുട്ടില്‍ മരംമുറി കള്ളക്കടത്തു അഴിമതി കേസിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തുക, ഡോളര്‍ കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാവിലെ 10 മണിമുതല്‍ ഒരു മണിവരെയാണ് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ നടന്നത്.
ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനവും നിര്‍വഹിച്ചു. മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തും, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ തൃശ്ശൂരും, പി.ജെ ജോസഫ് ഇടുക്കിയിലും, കൊല്ലത്ത് എ.എ അസീസും, രമേശ്
ചെന്നിത്തല പാലക്കാടും, കെ മുരളീധരനും എംകെ മുനീറും കോഴിക്കോടും, സി.പി ജോണ്‍ പത്തനംതിട്ടയിലും, ഷിബു ബേബി ജോണ്‍ ആലപ്പുഴയിലും, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തും, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള കാസര്‍കോട്ടും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.പിറവം അനൂപ് ജേക്കബ്,പാലായില്‍ മാണിസി സി കാപ്പനും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ ജോണ്‍ ജോണ്‍, രാജന്‍ ബാബു തുടങ്ങിവരും ധര്‍ണ്ണയില്‍ പങ്കെടുത്തു.കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ ധര്‍ണ്ണ പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ ഒഴികെ 137 മണ്ഡലങ്ങളിലും ധര്‍ണ്ണ വിജയകരമായി നടന്നെന്നും എംപിമാര്‍,എംഎല്‍എമാര്‍,യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സമുന്നത നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തെന്നും ഹസ്സന്‍ പറഞ്ഞു.