പാലക്കാട് : കുടുംബശ്രീ ജില്ലാ മിഷന്‍, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി മുഖേന നടപ്പാക്കുന്ന കുറുമ്പ പ്രത്യേക ഉപജീവന പാക്കേജിലെ ആട് വളര്‍ത്തല്‍ പദ്ധതിക്ക് മേലെ മൂലകൊമ്പ് ഊരില്‍ തുടക്കമിട്ടു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഊരിലെ അഞ്ച് പേര്‍ക്ക് ആടുകളെ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊജക്ട് മാനേജര്‍ കെ.പി. കരുണാകരന്‍ പദ്ധതി വിശദീകരിച്ചു. മിനിമം അഞ്ച് ആടുകളെയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. മേലെ മൂലകൊമ്പ്, ഗോട്ടിയാര്‍കണ്ടി, മുരുകള, ഗലസി, ആനക്കട്ടി, കുരുക്കത്തിക്കല്, മേലെ ആനവായി, മേലെ ഭൂതയാര്‍ എന്നീ എട്ട് ഊരുകളിലെ 25 പേരാണ് പദ്ധതി ഗുണഭോക്താക്കള്‍. പരിപാടിയില്‍ കുറുമ്പ പഞ്ചായത്ത് സമിതി സെക്രട്ടറി ലക്ഷ്മി സുരേഷ്, പ്രസിഡന്റ് വീര പണലി സംസാരിച്ചു. തുടര്‍ന്ന് ഊരില്‍ പോഷകാഹാരമേളയും സംഘടിപ്പിച്ചു.പരിപാടിയില്‍ ഊരില്‍ നിന്നും പത്താംതരം പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ആര്‍.അമൃത, ആര്‍.അരുണ്‍ എന്നീ വിദ്യാര്‍ഥികളെ അനുമോദിച്ചു. വാര്‍ഡ് അംഗം ശാന്തി ഗണേഷ്, കുടുംബശ്രീ കുറുമ്പ പഞ്ചായത്ത് സമിതി അംഗം കുറുമ്പി കണ്ണന്‍, ഊരുസമിതി അംഗങ്ങളായ കവിത, വിജയലക്ഷ്മി, പ്രൊമോട്ടര്‍ മുരുകന്‍ എന്നിവര്‍ സംസാരിച്ചു.