തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുകയും കള്ളക്കളി നടത്തുകയുമാണെന്ന് ഒരു വര്‍ഷം മുന്‍പ് തന്നെ താന്‍ ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അന്ന് താന്‍ പറഞ്ഞത് ഗൗരവമായി എടുത്ത് തിരുത്തല്‍ നടപടികള്‍ സ്വീകിരച്ചിരുന്നെങ്കില്‍ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ സംസ്ഥാനം സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് ഇപ്പോള്‍ തള്ളിക്കളയുകയില്ലായിരുന്നു.
ശബരിമല വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്റായ ലൂയി ബര്‍ഗര്‍ തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് 2020 ജൂലായ് 29 നാണണ് താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിമാനത്താവളത്തിനുള്ള നിര്‍ദ്ദിഷ്ട ഭൂമിയില്‍ കാല്‍കുത്തുക പോലും ചെയ്യാതെയണ് കണ്‍സള്‍ട്ടന്‍സിക്കാര്‍ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 4.6 കോടി രൂപയായിരുന്നു ചിലവ്. ഗുരുതരമായ പിഴവാണ് പ്രോജക്ടറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലുണ്ടായത്. വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാകുന്നതിനു മുന്‍പ് എന്തിന് കണ്‍സള്‍ട്ടന്‍സിയെ വച്ച് പണം ധൂര്‍ത്തടിച്ചു എന്നും താന്‍ അന്ന് ചോദിച്ചിരുന്നു.
വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്നും കണ്‍സള്‍ട്ടന്‍സി കമ്മീഷനിലായിരുന്നു താത്പര്യമെന്നും അന്നേ വ്യക്തമായിരുന്നു. അതിനാലാണ് ഒപ്പുപോലുമില്ലാത്ത പ്രോജക്ടറ്റ് റിപ്പോര്‍ട്ട് കേന്ദ്രത്തിലേക്കയച്ചത്. എത്ര നിരുത്തരവാദിത്തത്തോടെയാണ് സര്‍ക്കാര്‍ പെരുമാറിയത്? അന്ന് വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പതിവ് പോലെ തന്നെ പരിഹസിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇപ്പോഴാകട്ടെ അദ്ദേഹം ഒന്നും പറയുന്നുമില്ല.
ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ കള്ളക്കളി അവസാനിപ്പിച്ച് ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.