ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1701
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകള്‍ പരിശോധിച്ചു
ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
കേരളത്തില്‍ ബുധനാഴ്ച 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,373 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,61,026 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ബുധനാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,924 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 595 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.