22. 09. 2021
ഇന്ന് 19,675 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,19,594 പരിശോധന നടന്നു. 142 മരണങ്ങളുണ്ടായി. 1,61,026 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
കോവിഡ് കൂടുതൽ നിയന്ത്രണ വിധേയമാവുകയാണ്. സെപ്റ്റംബർ 15 മുതൽ 21 വരെയുള്ള കാലയളവിൽ, ശരാശരി
ദൈനംദിന ആക്ടീവ് കേസുകൾ 1,78,363 ആണ്. അവയിൽ 2 ശതമാനം മാത്രമേ ഓക്സിജൻ കിടക്കകളിലുള്ളൂ. ഒരു ശതമാനം മാത്രമാണ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത്. പുതുതായുള്ള കേസുകളിലെ വളർച്ചാ നിരക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ 13 ശതമാനം കുറഞ്ഞു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം, എെസിയു, വെന്റിലേറ്റർ, ഓക്സിജൻ സപ്പോർട്ട് എന്നിവ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് യഥാക്രമം 10%, 6%, 7%, 10% കുറഞ്ഞു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. കോവിഡ് വാക്സിൻ എടുത്തവരും ജാഗ്രത പാലിക്കണം. വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം. പ്രത്യേകിച്ചും അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുമുണ്ട്.
മാസ്ക് ധരിക്കുന്നതിൽ ഒരിളവും ഇപ്പോൾ വരുത്തിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും മാസ്കില്ലാതെ പലരും ഇടപഴകുന്നത് ശ്രദ്ധയിലുണ്ട്. അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. റസ്റ്ററൻറിൽ മാസ്കില്ലാതെ സപൈ്ലചെയ്യാനും പാകംചെയ്യാനും നിന്നാൽ ഒറ്റയടിക്ക് അനേകം പേർക്ക്
രോഗം പകരുന്നതിലേക്കാണ് നയിക്കുക. അത്തരം അപകട അാധ്യത ഒഴിവാക്കിയേ തീരൂ.
മുതിർന്ന പൗരൻമാരിൽ ധാരാളം പേർ ഇനിയും വാക്സിനെടുക്കാനുണ്ട്. വാക്സിനെടുക്കുന്നതിൽ വിമുഖത പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ് എന്ന് ആവർത്തിച്ചു പറയുകയാണ്. 65 വയസിന് മുകളിൽ പ്രായമുള്ളവർ ഉടനെ വാക്സിനെടുക്കാൻ തയ്യാറാവണം. വയോജനങ്ങളിലും അനുബന്ധ രോഗങ്ങളുള്ളവരിലും പോസിറ്റീവാകുന്നവർ ആശുപത്രിയിൽ തക്ക സമയെത്തുന്നതിൽ അലംഭാവം കാണിക്കുന്നുണ്ട്. ഇതും ഒഴിവാക്കണം. 30 ശതമാനത്തോളം പേർക്കാണ് തക്ക സമയത്ത് ആശുപത്രിയിൽ എത്താത്തതിനാൽ ജീവൻ നഷ്ടപ്പെട്ടത്. 65 വയസിന് മകളിലുള്ളവർ എല്ലാം തന്നെ വാക്സിനെടുക്കുകയും, മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കോവിഡ് പോസിറ്റീവായാൽ കൃത്യ സമയത്ത് ആശുപത്രിയിലെത്തുകയും ചെയ്താൽ മരണ നിരക്ക് ഗണ്യമായി കുറക്കാൻ സാധിക്കും. അക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും വീട്ടുകാരുടെ ഭാഗത്തു നിന്നും ശ്രദ്ധ ഉണ്ടാകണം.
സംസ്ഥാനത്ത് സെറോ പ്രിവിലൻസ് പഠനം പൂർത്തിയായി വരികയാണ്. രോഗം വന്നും വാക്സിനേഷൻ സ്വീകരിച്ചും എത്ര ശതമാനം ആളുകൾക്ക് രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് സെറോ പ്രിവിലൻസ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക പഠനവും നടത്തുന്നുണ്ട്. രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നതിനാലാണ് കോളേജുകൾ അടുത്തമാസവും സ്കൂളുകൾ നവംബറിലും തുറക്കാനുള്ള തീരുമാനമുണ്ടായത്.
കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികൾക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. ഒരു വ്യക്തിക്ക് 25 ലക്ഷം മുതൽ പരമാവധി 2 കോടി വരെ വായ്പയാണ് ലഭ്യമാക്കുന്നത്.
കേന്ദ്ര സർക്കാർ വിൽക്കാൻ വെച്ചിരുന്ന കാസർഗോഡ് ബെൽ -ഇഎംഎൽ സർക്കാർ ഏറ്റെടുത്തു.
ബേപ്പൂരിൽ നിന്നും കൊച്ചി വരെയും കൊല്ലത്ത് നിന്നും കൊച്ചി വരെയും തീരദേശ ഷിപ്പിംഗ് പൂർത്തിയാക്കി.
3 ഫുട്ബോൾ അക്കാദമികൾ നാടിനു സമർപ്പിച്ചു. അതിൽ രണ്ടെണ്ണം വനിതകൾക്ക് മാത്രമായാണ്.
സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് ഹബ് പൂർത്തിയാക്കി.
ചെല്ലാനം കടൽ തീരത്തെ കടലാക്രമണം തടയാനുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 1 മുതൽ 450 ഓളം വരുന്ന വനസംരക്ഷണ സമിതികൾ, ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റികൾ എന്നിവ വഴി 2,15,721 വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു.
യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള “ടേക്ക് എ ബ്രേക്ക്’ സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി. 100 പുതിയ സമുച്ചയങ്ങൾ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നാടിനു സമർപ്പിച്ചു. ഒന്നാം ഘട്ടത്തിലും 100 സമുച്ചയങ്ങളായിരുന്നു നിർമ്മിച്ചത്. 524 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗതിയിലാണ്.
ഇത് പൂർണ്ണമായ ഒരു പട്ടികയല്ല. നൂറ് ദിന പരിപാടിയിൽ പ്രഖ്യാപിച്ച ചില പ്രധാന കാര്യങ്ങൾ പറഞ്ഞതേയുള്ളൂ. കഴിഞ്ഞ സർക്കാർ തുടങ്ങി്വെച്ച കാര്യങ്ങൾ പൂർത്തിയാക്കാനും പുതിയവ ഏറ്റെടുക്കാനും ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഏതു പ്രതിസന്ധിയിലും സർക്കാരിന്റെ വാഗ്ദാനം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല.