11.18 കോടിയുടെ പദ്ധതി ഉദ്ഘാടനം സെപ്റ്റംബര്‍ 25ന്
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ പൈപ്പ് ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സെപ്റ്റംബര്‍ 25നാണ് പദ്ധതിയുടെ ഉദ്ഘാടനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കിഫ്ബി വഴിയുള്ള 11.18 കോടി രൂപയുടേതാണ് പദ്ധതി.
പൈപ്പുകളുടെ കാലപ്പഴക്കം കാരണം നഗരസഭാ പ്രദേശത്തെ ജലവിതരണത്തിന് പലപ്പോഴും തടസം നേരിട്ടിരുന്നു. പഴയ പൈപ്പുകള്‍ മാറ്റി 500 എംഎം ഡിഐ പൈപ്പ് മുതല്‍ 110 പിവിസി വരെ 23 കിലോമീറ്റര്‍ ദൂരമുള്ള വിതരണ ശൃംഖലയാണ് സ്ഥാപിക്കുന്നത്. പുതിയ പൈപ്പുകള്‍ ലഭ്യമായിട്ടുണ്ട്. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.പത്തനംതിട്ട നഗരസഭാ പ്രദേശത്തെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നത്. ജില്ലയിലെ മന്ത്രി കൂടിയായ വീണാ ജോര്‍ജിന്റെ ശ്രമഫലമായാണ് വലിയൊരു പ്രശ്‌നത്തിന് പരിഹാരമാകുന്നത്. മന്ത്രിയുടെ നിരന്തര ശ്രമഫലമായാണ് തടസങ്ങള്‍ നീക്കി വലിയ തുക കിഫ്ബി വഴി ലഭ്യമാക്കിയത്. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുന്നതാണ്.