സ്വാതന്ത്ര്യ സമര സേനാനി ജി.സുശീലയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെയും അമ്മു സ്വാമിനാഥന്റെയും കുട്ടിമാളു അമ്മയുടെയും ഒക്കെ തറവാടായ ആനക്കര വടക്കത്ത് വീട്ടില്‍ നിന്നും സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളകള്‍ താണ്ടിയ മറ്റൊരു പെണ്‍പുലി ആയിരുന്നു സുശീലാമ്മ.വിദ്യാഭ്യാസ കാലഘട്ടത്തില്‍ ,ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മദ്രാസ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുത്തതിന്റെ ഫലമായി രണ്ടു വര്‍ഷത്തോളം വിയ്യൂര്‍ ജയിലില്‍ സുശീലാമ്മ ശിക്ഷ അനുഭവിച്ചിട്ടുണ്ട് . ജയില്‍ മോചിതയായി നാട്ടിലെത്തിയതിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച മഹിളാരത്‌നമാണവര്‍. ആ കാലഘട്ടത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുപ്പിക്കുവാനും സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുവാനും സുശീലാമ്മ മുന്‍പന്തിയിലുണ്ടായിരുന്നു.
100 വയസ്സ് പിന്നിട്ട് സുശീലാമ്മ വിടപറയുമ്പോള്‍ ഓര്‍മയാകുന്നത് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രം കൂടിയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സുശീലാമ്മ ഓരോ പൊതുപ്രവര്‍ത്തകര്‍ക്കും അനുകരണീയമായ മാതൃകയാണ്. ആ സമരോജ്ജ്വല ജീവിതത്തിന് കെ.പി.സി.സിയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.