2025 ഓടെ സംസ്ഥാനത്ത് നിന്ന് ക്ഷയരോഗത്തെ തുടച്ചു നീക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Spread the love

post

വാര്‍ഡ് തല ആരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനംപത്തനംതിട്ട: 2025 ഓടെ സംസ്ഥാനത്ത് നിന്ന് ക്ഷയരോഗത്തെ തുടച്ചു നീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്തല ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും വാര്‍ഡ് ആരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനവും പഴയകാവ് മോഡല്‍ അംഗന്‍വാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യക്തിയുടേയും സമൂഹത്തിന്റേയും ആരോഗ്യം കണക്കിലെടുത്ത് കൃത്യമായ കോവിഡ് കണക്കുകളാണ് കേരളം പ്രസിദ്ധീകരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനവും ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനവും കേരളമാണ്. ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് പോസിറ്റീവ് ആയാല്‍ നിര്‍ബന്ധമായും ഡോക്ടര്‍മാരുടെ ഉപദേശം തേടണം. സ്വയം രോഗപ്രതിരോധ ശേഷിയുണ്ടാകുകയാണ് ഇനി വേണ്ടത്. അതിനായി നല്ല ആഹാരം, കൃത്യമായ വ്യായാമം എന്നിവയാണ് ആവശ്യം. ജനങ്ങള്‍ വാക്സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ക്ക് ടാബ്ലറ്റ്, യൂണിഫോം എന്നിവയും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ഓരോ വാര്‍ഡിലെയും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളും വിലയിരുത്തുന്നതിനും പ്രാദേശികമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും സഹായകരമായ കേന്ദ്രങ്ങളാണ് വാര്‍ഡ് ആരോഗ്യ കേന്ദ്രങ്ങള്‍. ആരോഗ്യദായക ശീലങ്ങള്‍, പോഷകാഹാരം, മാലിന്യ സംസ്‌കരണം, വ്യായാമം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍. ബിപി, ഷുഗര്‍, ബിഎംഐ എന്നിവ പരിശോധിക്കല്‍. ക്യാന്‍സര്‍ രോഗ ബോധവത്ക്കരണം, നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍. ക്ഷയരോഗം കണ്ടുപിടിക്കുന്നതിനാവശ്യമായ കഫം പരിശോധിക്കുന്നതിനുള്ള കപ്പുകള്‍ നല്‍കല്‍. കുഷ്ഠരോഗം കണ്ടുപിടിക്കുന്നതിനുള്ള ത്വക്ക് പരിശോധന. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ വളര്‍ച്ചാ നിരീക്ഷണം. വിഷാദ രോഗം കണ്ടുപിടിക്കുന്നതിനുള്ള പരിശോധന,സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവത്ക്കരണം. വീല്‍ ചെയര്‍, വോക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കല്‍. പ്രഥമ ശുശ്രൂഷ മുറിവു വെച്ചുകെട്ടല്‍, ഒആര്‍എസ് വിതരണം. ഗര്‍ഭ നിരോധ ഗുളികകള്‍, കോണ്ടം വിതരണം. ഗര്‍ഭിണിയാണോ എന്നറിയുന്നതിനുള്ള കാര്‍ഡിന്റെ വിതരണം. വിവിധ പെന്‍ഷന്‍ സ്‌കീമുകള്‍, ധനസഹായങ്ങള്‍ എന്നിവയ്ക്കാവശ്യമായ ഫോമുകളുടെ വിതരണം, ഇത്തരത്തിലുള്ള സേവനങ്ങള്‍ നല്കുക വാര്‍ഡ് ആരോഗ്യ റിപ്പോര്‍ട്ട് തയാറാക്കല്‍, വാര്‍ഡ്തല അവലോകന യോഗങ്ങള്‍ നടത്തുക, ബോധവല്ക്കരണ ക്ലാസുകള്‍ നടത്തുക എന്നിവയ്ക്കായുള്ള പൊതു ഇടങ്ങളാണ് വാര്‍ഡ് ആരോഗ്യകേന്ദ്രങ്ങള്‍.വാര്‍ഡ് മെമ്പര്‍, ആശാപ്രവര്‍ത്തക, അംഗന്‍വാടി വര്‍ക്കര്‍, കുടുംബശ്രീ എഡിഎസ് മെമ്പര്‍ എന്നിവരടങ്ങുന്നതാണ് ടീം. ജനകീയ പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത് എന്നതിനാല്‍ തല്പരരായ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാകാവുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *