തിരുവനന്തപുരം: സന്നദ്ധ രക്തദാനത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതല്‍ സ്ത്രീകളും സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം. സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്തത്തില്‍ സന്നദ്ധ രക്തദാനത്തിലൂടെ ഇപ്പോള്‍ ലഭിക്കുന്നത് 84 ശതമാനമാണ്. ഇത് 100 ശതമാനത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ ആരോഗ്യവകുപ്പ് നടത്തുന്നതാണ്. എല്ലാവരും രക്തദാനത്തിനായി മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ദേശീയ സന്നദ്ധ രക്തദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച ‘സസ്‌നേഹം സഹജീവിക്കായി’ എന്ന ക്യാമ്പയിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. സന്നദ്ധ രക്തദാന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ സംഘടനകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ന്യൂ ഇന്ത്യാ @75 എന്ന പരിപാടിയിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നല്‍കി. ഈ ചടങ്ങില്‍ കെ.എസ്.എ.സിന്റെ ഗുഡ്‌വില്‍ അംബസഡര്‍മാരായ മഞ്ജുവാര്യര്‍, നീരജ് മാധവ് എന്നിവര്‍ ഓണ്‍ലൈനായി ആശംസകള്‍ അര്‍പ്പിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേശ്. ബോധവത്കരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ രശ്മി മാധവന്‍ എന്നിവര്‍ പങ്കെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ പോളിസിയെക്കുറിച്ചും സന്നദ്ധ രക്തദാന മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വിദഗ്ധര്‍ നയിച്ച ടെക്‌നിക്കല്‍ സെഷനും ഉണ്ടായിരുന്നു.പ്പെട്ടു.