തിരുവനന്തപുരം നഗര വികസനത്തെ ബിജെപി തടസ്സപ്പെടുത്തരുത് ; അനാവശ്യ സമരത്തിൽനിന്ന് ബിജെപി പിന്മാറണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം നഗര വികസനത്തെ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽനിന്ന് ബിജെപി പിന്മാറണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു . വ്യക്തമായ ഭൂരിപക്ഷത്തോടെ കോർപ്പറേഷനിൽ എൽഡിഎഫ് അധികാരത്തിൽ വന്നതുമുതൽ തന്നെ നഗരസഭാ കൗൺസിലിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് ബിജെപിയിൽ നിന്നുണ്ടായത്.

രാജ്യം മുഴുവൻ ഉറ്റുനോക്കിയ തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പിൽ ജനം വ്യക്തമായ രാഷ്ട്രീയ ബോധത്തോടെയാണ് ബിജെപിയെ പരാജയപ്പെടുത്തിയതും ഇടതുമുന്നണിയെ അധികാരത്തിലെത്തിലെത്തിച്ചതും. കൗൺസിലിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ബിജെപി കൗൺസിലർമാരുടെ തീരുമാനം ജില്ലാ – സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്. കോർപ്പറേഷനിൽ നടന്ന സമരത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പങ്കെടുത്തത് ഇതിന് അടിവരയിടുന്നു.

തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതായ രീതിയിൽ നടന്നു വരികയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ തൽസ്ഥാനത്ത് കൊണ്ടുവന്ന ഇടതു മുന്നണിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് നഗരസഭയുടെ പ്രവർത്തനങ്ങൾ.

മുൻസിപ്പൽ – കോർപ്പറേഷൻ നിയമത്തിൽ പ്രത്യേക കൗൺസിൽ യോഗം വിളിച്ചു ചേർക്കുന്നതിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ആഴ്ചയിലൊരിക്കൽ സ്പെഷ്യൽ കൗൺസിൽ ചേരുന്നതിനുള്ള ആവശ്യമുന്നയിക്കുകയും യോഗം നടത്തിയാൽ അതിന് അനുവദിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാക്കുകയുമാണ് ബിജെപി ചെയ്യുന്നത്.

സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ പാവങ്ങൾക്ക് വീട് വെച്ചു കൊടുക്കുന്ന ലൈഫ് പദ്ധതി പോലും തടസ്സപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്.

സോണൽ ഓഫീസുകളിൽ നടന്ന അഴിമതി കണ്ടുപിടിക്കുകയും കുറ്റക്കാരെ സസ്പെൻഡ് ചെയ്യുകയും പോലീസ് അന്വേഷണത്തിന് സാഹചര്യം ഒരുക്കുകയും ചെയ്ത ഭരണസമിതിയാണ് ഇപ്പോഴുള്ളത്. ഈ അന്വേഷണത്തിൽനിന്ന് ശ്രദ്ധ മാറ്റാനും അഴിമതിക്കാരെ സംരക്ഷിക്കാനുമുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഈ നീക്കങ്ങളിൽ നിന്ന് ബിജെപി പിന്മാറണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *