മരംമുറിക്കേസ് അട്ടിമറിക്കുന്നു : കെ സുധാകരന്‍

Spread the love

മുട്ടില്‍ മരംമുറിക്കേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അതിന് തെളിവാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് കാലവിളംബം വരുത്തിയതിന്റെ പേരില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. മുട്ടില്‍ മരംമുറിക്കേസിന്റെ തുടക്കം മുതല്‍ കേസ് അന്വേഷണം തടസ്സപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനുമുള്ള നീക്കമാണ് ഉന്നതങ്ങളില്‍ നടന്നത്. പ്രതികളെസംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും യഥാര്‍ത്ഥ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണമെന്ന അവശ്യം കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് വെച്ചിങ്കിലും അത് സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല.

Muttil Tree Cutting| മരംമുറിക്കേസ് അട്ടിമറിക്കുന്നു: കെ സുധാകരന്‍

മുട്ടില്‍ മരം മുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനം കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരെ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചത് മുഖ്യമന്ത്രി തന്നെയാണ്. വനംമാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണ് ഇതിന് കാരണം. മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ സംബന്ധിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രേഖകള്‍ പുറത്ത് വന്നിട്ടും കാര്യമായ അന്വേഷണം നടന്നിട്ടില്ല. മുട്ടില്‍ മരംമുറിക്കേസിലെ പോലീസ് അന്വേഷണം അനിശ്ചിതത്വത്തിലാകാന്‍ പ്രധാനകാരണം അന്വേഷണ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയുടെ പെടുന്നനെയുള്ള സ്ഥലംമാറ്റമാണ്. പിടികൂടിയ തടികളുടെ സാമ്പിള്‍ ശേഖരണം,വനം റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവ പരിശോധിക്കുക ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ബാക്കി നില്‍ക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

കടത്തിയ മരവുമായി എത്തിയ മരംലോറി ശരിയായ പരിശോധനയില്ലാതെ വിട്ടതിന് സസ്‌പെന്‍ഷനിലായ ലക്കിടി ചെക്ക് പോസ്റ്റിലെ രണ്ടു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുത്തിരുന്നു. കള്ളക്കാര്‍ക്കും വനംമാഫിയയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്ന വ്യക്തമായ സന്ദേശമാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ നല്‍കിയതെന്നും സുധാകരന്‍ പരിഹസിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *