കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 2016 ൽ ആണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി പാസായിട്ടുള്ളത്. 4,58,080 വിദ്യാർത്ഥികളാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ആകെ അപേക്ഷകർ 5,17,156 ആയിരുന്നു. പ്രസ്തുത വർഷം 22,879 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചവരായിരുന്നു. ആകെ ലഭ്യമായിരുന്ന 4,13,564 സീറ്റുകളിൽ 3,84,612 അപേക്ഷകർ പ്രവേശനം നേടുകയുണ്ടായി. സർക്കാർ/ എയ്ഡഡ് /അൺഎയ്ഡഡ് മേഖലകളിലായി 28,952 സീറ്റ് ഒഴിഞ്ഞു കിടക്കുകയും ചെയ്തു.
കഴിഞ്ഞവർഷം അതായത് 2020-ൽ 4,20,566 വിദ്യാർത്ഥികളാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ആകെ അപേക്ഷകർ 4,82,977 ആയിരുന്നു. പ്രസ്തുത വർഷം 41,906 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരായിരുന്നു. ആകെ ലഭ്യമായിരുന്ന 4,00,899 സീറ്റുകളിൽ 3,68,282 അപേക്ഷകർ പ്രവേശനം നേടുകയുണ്ടായി. സർക്കാർ/ എയ്ഡഡ് /അൺഎയ്ഡഡ് മേഖലകളിലായി 32,617 സീറ്റ് ഒഴിഞ്ഞു കിടക്കുകയും ചെയ്തു.
കഴിഞ്ഞ 5 വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം എസ്എസ്എൽസി പാസായവരുടെയും പ്രവേശനത്തിനായി അപേക്ഷിച്ചവരുടെയും എണ്ണം താരതമ്യേന കുറവാണ്. ഈ വർഷം എസ്എസ്എൽസി പാസായി ഉന്നതപഠനത്തിന് യോഗ്യത നേടിയവർ 4,19,653 ആണ്. പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം 4,65,219 ആണ്.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടത്തിയ എസ്എസ്എൽസി പരീക്ഷയുടെ ഫലമായി എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 1,25,509 ആയി വധിക്കുകയുണ്ടായി. ഇത് കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്. ഈ വർഷം നിലവിൽ ആകെ 3,94,457 സീറ്റുകൾ ഹയർസെക്കൻഡറി മേഖലയിൽ മാത്രം ലഭ്യമാണ്. ഇതിനുപുറമേ വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 33,000 സീറ്റുകളും പോളിടെക്നിക്/ ഐ ടി ഐ എന്നിവിടങ്ങളിലായി ഏകദേശം 70,000 സീറ്റുകളും ലഭ്യമാണ്. ഇത്തരത്തിൽ എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ചുരുക്കം ചില വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിൽ വളരെ കുറച്ചു മാത്രം ഓപ്ഷനുകൾ ഉൾപ്പെടുത്തിയതിന്റെ ഫലമായി ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെടാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടാമത്തെ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കുന്നതാണ്. ഒന്നാമത്തെ അലോട്ട്മെന്റിൽ ഒഴിഞ്ഞുകിടക്കുന്ന സംവരണ വിഭാഗ സീറ്റുകളും EWS റിസർവേഷനിലെ ഒഴിവുള്ള സീറ്റുകളും രണ്ടാമത്തെ അലോട്ട്മെന്റിൽ പൊതുമെറിറ്റായി പരിവർത്തനം ചെയ്യുമ്പോൾ ലഭ്യമാകുന്ന സീറ്റുകൾ ഇത്തരത്തിലുള്ള അപേക്ഷകർക്ക് രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭ്യമാകുന്നതാണ്.