അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ധനസഹായം ഉറപ്പാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണ പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണ് മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുമ്പുള്ള മരണങ്ങളില്‍ രേഖകള്‍ ഇല്ലാതെയും മറ്റും
ഔദ്യോഗിക മരണപ്പട്ടികയില്‍ ചേര്‍ക്കപ്പെടാതെ പോയ മരണങ്ങളാണ് ഇത്. ഇതുസംബന്ധിച്ച് ഇനിയും പരാതികളുണ്ടെങ്കില്‍ അതും പരിശോധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് കോവിഡ് മൂലമെന്ന് കണക്കാക്കപ്പെടേണ്ട മരണങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 10 മുതല്‍ സമര്‍പ്പിക്കാം. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പോര്‍ട്ടലിലൂടെയും നേരിട്ട് പി.എച്ച്.സി.കള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തും. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണും. സമയബന്ധിതമായി സുതാര്യമായി തന്നെ പരാതികള്‍ തീര്‍പ്പാക്കുന്നതാണ്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ പറ്റുമോ അതെല്ലാം സ്വീകരിക്കുന്നതാണ്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും സഹായം ലഭ്യമാക്കും. കോവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ആദ്യം ധനസഹായം നല്‍കിയ സംസ്ഥാനമാണ് കേരളം. അവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
സിറോ പ്രിവിലന്‍സ് സര്‍വേയുടെ സമഗ്രമായ റിപ്പോര്‍ട്ട് ഇന്ന് തന്നെ തയ്യാറാകും. സംസ്ഥാനം സ്വയം തീരുമാനിക്കുകയും സ്വയം നടത്തുകയും ചെയ്‌തൊരു പഠനമാണിത്. ഐസിഎംആറിന്റെ ഗൈഡ് ലൈന്‍ അനുസരിച്ചാണ് പഠനം നടത്തിയത്. നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനാണ് ഈ പഠനം നടത്തിയത്. ഏതെല്ലാം മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എവിടെവരെയെത്തി എന്നിവ മനസിലാക്കുന്നതിന് വേണ്ടിയാണ് സിറോ പ്രിവിലന്‍സ് പഠനം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
—