വയനാട്: ലിംഗനീതിയുടെ ഏറ്റവും മികച്ച ശീലങ്ങള്‍ ഉറപ്പുവരുത്തുമ്പോഴാണ് നമ്മുടെ കാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. വയനാട് ജില്ലയിലെ പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ മൂന്നാമത് ബിരുദദാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍.
പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമണങ്ങളുടെ നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. അത്തരം ക്രൂരമായ പെരുമാറ്റം ലിംഗനീതി എന്ന ആശയത്തെ തന്നെ പരാജയപ്പെടുത്തുകയും ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന് വളരെക്കാലം മുമ്പ് മുന്നറിയിപ്പ് നല്കിയ ‘മാനസിക ചേരി’കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീധനത്തിനെതിരായ സര്‍വകലാശാലയുടെ ക്യാമ്പയിന് പിന്തുണ നല്കി ബിരുദധാരികളെ അഭിനന്ദിച്ച ഗവര്‍ണര്‍ ക്യാമ്പസിലെ ആരോഗ്യകരമായ പരസ്പര ബന്ധത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
സ്ത്രീകളോടുള്ള പുരുഷ മനോഭാവത്തില്‍ മാറ്റം വരണമെന്നും അവരെ തുല്യമായി കാണാന്‍ സമൂഹത്തിന് കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ഇന്ന് വലിയ ഉണര്‍വ്വ് ഉണ്ടായിട്ടുണ്ട്. ഈ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളിലും ഇന്ന് ബിരുദം വാങ്ങിയവരിലും ഭൂരിപക്ഷം വനിതകളാണെന്നത് സന്തോഷകരമാണ്.
കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക വികസനത്തില്‍ മൃഗസംരക്ഷണ മേഖല വഹിക്കുന്ന നിര്‍ണായക പങ്ക് പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നു. പാല്, മാംസം, മുട്ട എന്നിവയുടെ ആളോഹരി ഉപഭോഗം വര്‍ധിച്ചിട്ടുണ്ടെങ്കിലും മൃഗങ്ങളുടെ പ്രോട്ടീന്‍ സ്രോതസ്സുകളുടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള വലിയ വിടവ് ഗവേഷണത്തിലൂടെ പരിഹരിക്കേണ്ടതുണ്ട്.
മാനവചരിത്രത്തിലുടനീളം, മൃഗങ്ങള്‍ പല തലങ്ങളില്‍ മനുഷ്യനെ സേവിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ രൂപത്തിലോ, കൃഷിയിലോ, വ്യാപാരത്തിലോ, യുദ്ധത്തിലോ ശക്തിയുടെ അല്ലെങ്കില്‍ ആരാധനയുടെ പ്രതീകമായോ മൃഗങ്ങളുടെ സാന്നിധ്യം കാണാം. മൃഗത്തെ മനുഷ്യ നാഗരികതയുടെ അടിത്തറയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. നമ്മുടെ പൂര്‍വ്വികര്‍ കന്നുകാലികളെ വെറും സമ്പത്തോ വരുമാന സ്രോതസ്സുകളോ ആയല്ല, കുടുംബത്തിന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. മാനവിക ക്ഷേമത്തെക്കുറിച്ചുള്ള പുരാതന ഇന്ത്യന്‍ കാഴ്ചപ്പാടുകളില്‍ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ക്ഷേമവും ഉള്‍പ്പെടുന്നു.
ഗ്രാമീണ ജനതയുടെ ഏതാണ്ട് 55 ശതമാനത്തിന്റെ ഉപജീവനമാര്‍ഗവും മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 4.5 ശതമാനവും വരുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അവിഭാജ്യ ഘടകമാണ് നൂറ്റാണ്ടുകളായി മൃഗസംരക്ഷണം. സമ്പന്നമായ കന്നുകാലി ജനസംഖ്യയുള്ള ഇന്ത്യയില്‍ വെറ്ററിനറി, ഡയറി, പൗള്‍ട്രി സയന്‍സ് മേഖലകളിലെ മാനവ വിഭവശേഷി വികസനം രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാനമെന്ന് ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
പൂക്കോട് സര്‍വ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണറും സര്‍വ്വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമദ് ഖാന് ബിരുദദാനം നടത്തി. സര്‍വ്വകലാശാല പ്രോചാന്‍സലറും മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. സര്‍വ്വകലാശാലയില്‍ നിന്ന് വിജയകരമായി ഡിപ്ലോമ, ബിരുദ ബിരുദാനന്തര, പി.എച്ച്.ഡി. കോഴ്സുകള്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദദാനമാണ് നടന്നത്. സര്‍വ്വകലാശാലയിലെവിവിധ കോഴ്സുകളിലായി ഉന്നത വിജയംകാഴ്ചവെച്ച 27 വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡലുകളും, എന്‍ഡോവ്മെന്റുകളും ഗവര്‍ണര്‍ സമ്മാനിച്ചു.