ഷിക്കാഗോ: 2021 ഒക്ടോബര്‍ 3 ഞായറാഴ്ച രാവിലെ 9:45 ന്, പ്ലാറ്റിനം ജൂബിലിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷന്‍ ലീഗ് ഷിക്കാഗോ തിരുഹ്യദയ ദൈവാലയതല ഉദ്ഘാടനം ഫൊറോനാ വികാരി വെരി. റവ. ഏബ്രഹാം മുത്തോലത്ത് ദീപം തെളിയിച്ച് നിര്‍വഹിച്ചു.
“ജയ് ജയ് മിഷന്‍ ലീഗ്” എന്ന ഗാനത്തോടെ കൈകളില്‍ തിരികളേന്തിയ കുഞ്ഞുമിഷിനറിമാരുടെ റാലിയോടെ പരിശുദ്ധ കുര്‍ബാന ആരംഭിച്ചു. സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുല്യങ്ങളില്‍ സമര്‍പ്പിതമായ കുഞ്ഞു മിഷിനറിമാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഷ്പ മിഷന്‍ ലീഗ് ലോകമെമ്പാടും പ്രവര്‍ത്തിച്ചു വരുന്നത്.
സേക്രഡ് ഹാര്‍ട്ട് മിഷന്‍ ലീഗ് എക്‌സിക്യൂട്ടീവ് ഏറണ്‍ ഓളിയില്‍, സെറീന മുളയാനിക്കുന്നേല്‍ എന്നിവര്‍ ബഹു. മുത്തോലത്തച്ചനോടൊപ്പം ദീപം തെളിയിച്ച്, പ്ലാറ്റിനം ജൂബിലിക്ക് തുടക്കം കുറിച്ചു. അവരോടൊപ്പം വൈസ് പ്രസിഡന്റ് ജെയ്ഡണ്‍ കീഴങ്ങാട്ട്, ജോയിന്റ് സെക്രട്ടറിയായ സാറാ മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം, മിഷന്‍ ലീഗ് അംഗങ്ങള്‍ക്കുവേണ്ടി വെരി. റവ. ഏബ്രഹാം മുത്തോലത്ത് ജൂബിലി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് എല്ലാ അംഗങ്ങള്‍ക്കും ഇങഘ ബാഡ്ജുകള്‍ വിതരണം ചെയ്തു. DRE ടീന തോമസ് നെടുവാമ്പുഴ മിഷന്‍ ലീഗിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഒരു പവര്‍ പോയിന്റ് അവതരണം നടത്തി.
പവര്‍ പോയിന്റ് അവതരണത്തോടൊപ്പം ഈ അധ്യയന വര്‍ഷത്തിലെ കുട്ടികള്‍ക്കുള്ള ആത്മീയ ഡയറി പൂരിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വിതരണം ചെയ്തു.
ഈ മഹത്തായ പുണ്യ സംഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാന്‍ അനുവദിച്ചതിന് ദൈവത്തെ സ്തുതിക്കുകയും പ്രത്യേകം നന്ദി പറയുകയും ചെയ്തു. ഈ സംഘടനയുടെ എല്ലാ നേതാക്കന്മാര്‍ക്കു വേണ്ടിയും ദൈവത്തിന് നന്ദി പറഞ്ഞു. സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിന്റെ കോര്‍ഡിനേറ്റര്‍മാര്‍ സുജ ഇത്തിത്തറയും ആന്‍സി ചേലക്കലും ആണ്.