മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്

Spread the love

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തെ മാതൃകാ കേന്ദ്രമാക്കും

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ പ്രത്യേകിച്ചും ആരോഗ്യ വകുപ്പിന്റെ വരും വര്‍ഷങ്ങളിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ സാക്ഷരതയ്ക്കായി മാനസികാരോഗ്യത്തെ സംബന്ധത്തിച്ചുള്ള അവബോധം ശക്തിപ്പെടുത്തും. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാനസികാവസ്ഥകള്‍ തിരിച്ചറിയണം. ഇതൊരു രോഗമാണെന്നും ചികിത്സിച്ചാല്‍ ആ രോഗം ഭേദമാകുമെന്നും തിരിച്ചറിയേണ്ടതുണ്ട്. അതുസംബന്ധിച്ച ഒരു ബോധവും ബോധ്യവും പൊതുസമൂഹത്തിനുണ്ടാകണം. അതോടൊപ്പം തന്നെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും പ്രധാനമാണ്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തെ മാതൃകാ മാനസികാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതാണ്. ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ 150-ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനവും മ്യൂസിക് സിസ്റ്റം കൈമാറ്റവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ശരീരത്തിന്റെ ഒപ്പം പ്രധാനമാണ് മനസിന്റെ ആരോഗ്യവും. എല്ലാവരും ശരീരത്തിന് ഒരു ബുദ്ധിമുട്ടുണ്ടെങ്കില്‍ ചികിത്സ തേടാറുണ്ട്. മനസിന്റെ രോഗാവസ്ഥകളെ പലപ്പോഴും തിരിച്ചറിയുന്നതിന് പോലും സാധിക്കുന്നില്ല എന്നുള്ളത് നമ്മുടെ മുന്നിലുള്ള ഒരു യാഥാര്‍ത്ഥ്യമാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് വളരെ ഗൗരവത്തോടെ ആലോചിക്കണം. മനസിന്റെ രോഗാവസ്ഥയെ തിരിച്ചറിയാതെ പോകുന്നെങ്കില്‍ അത് മാനസികാരോഗ്യ സാക്ഷരതയുടെ കുറവ് കൊണ്ടാണ് എന്നാണ് കാണേണ്ടത്. മറ്റൊരു കാരണം നമ്മുടെ കാഴ്ചപ്പാടാണ്. നമ്മുടെ ഇടയില്‍ തന്നെ പലര്‍ക്കും ശാസ്ത്രീയമായ ചികിത്സ ആവശ്യമായവരുണ്ട്.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും തിരികെ പോകുന്നവരെ ഉള്‍ക്കൊള്ളുന്നതിന് കുടുംബങ്ങള്‍ തയ്യാറാകുന്നുണ്ടോ എന്നതും പ്രധാനമാണ്. മാനസികാരോഗ്യ സാക്ഷരതയുടെ കൂടി ഭാഗമാണിത്. ഇതിനും ബോധവത്ക്കരണം ആവശ്യമാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനങ്ങള്‍ സംബന്ധിച്ചും പുനരധിവാസം സംബന്ധിച്ചും സാമൂഹിക ക്രമത്തിലേക്ക് തിരികെ എത്തിക്കുന്നതിനും വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിന് വലിയൊരു ലക്ഷ്യമായി ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.എം.ഒ. ഡോ കെ.എസ്. ഷിനു, ആശുപത്രി സൂപ്രണ്ട് ഡോ. എല്‍. അനില്‍കുമാര്‍, ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. കെ.ജെ. നെല്‍സണ്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *