ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

Spread the love

കൊച്ചി: കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച കേരളത്തിലെ ഐ.ടി മേഖല തിരിച്ചുവരവിന്‍റെ പാതയില്‍. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി പൂര്‍ണ്ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയ വിവിധ ഐ.ടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫീസില്‍ എത്തി തുടങ്ങി. ന്യു നോര്‍മല്‍ പരിതസ്ഥിതികളിലും മികച്ച പ്രവര്‍ത്തനമാണ് ഐ.ടി മേഖല കാഴ്ച വെച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതും ഭൂരിപക്ഷം ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചതോടും കൂടി ഐ.ടി പാര്‍ക്കുകളിലെ കമ്പനികളിലെ പ്രവര്‍ത്തനം ഏതാണ്ട് സാധാരണ നിലയിലായി.

18 മാസം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിയ വര്‍ക്ക് ഫ്രം ഹോം രീതി കൂടാതെ ഓഫീസിലിരുന്നും ജോലി ചെയ്യാന്‍ സാധിക്കുന്ന ഹൈബ്രിഡ് രീതികളും ന്യൂ നോര്‍മല്‍ പ്രവര്‍ത്തനരീതികളില്‍ പ്രധാനമാകും. ടി സി എസ്, വിപ്രോ പോലെയുള്ള വമ്പന്‍ കമ്പനികളിലെ 85 % ജീവനക്കാരെയും തിരികെ ഓഫീസിലേക്ക് കൊണ്ടുവരാനും മാര്‍ഗ്ഗരേഖയായി. ഒക്ടോബര്‍ പകുതിയോടുകൂടി യു എസ് ടി ഗ്ലോബലും പാര്‍ക്കില്‍ സജ്ജമാകും. ഓരോരോ ഘട്ടങ്ങളായി ജീവനക്കാരെ എത്തിക്കാനാണ് പദ്ധതി. നവംബര്‍ ഡിസംബറോടെ അലയന്‍സും ഹൈബ്രിഡ് രീതിയില്‍ 60 : 40 എന്ന കണക്കില്‍ ഘട്ടം ഘട്ടമായി ജീവനക്കാരെ ഓഫീസിലേക്ക് തിരികെ എത്തിക്കുവാന്‍ തീരുമാനമായിട്ടുണ്ട്.

ഇതോടെ ഐ ടി മേഖല രൂപീകരിച്ച ഏറ്റവും പുതിയ കര്‍മപദ്ധതികള്‍ ഈ രണ്ടാം വരവില്‍ നടപ്പിലാക്കും. തിരികെയെത്തുമ്പോള്‍ ജീവനക്കാര്‍ക്കായി മൈ ബൈക്ക് പോലെയുള്ള ആരോഗ്യകരമായ യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കോവിഡ് കാലയളവിലും ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി നിരവധി കമ്പനികളാണ് പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. ഇന്‍ഫോപാര്‍ക്കില്‍ മാത്രമായി എയര്‍ പേ, കാവലിയര്‍, മിറ്റ്സോഗോ, ഓര്‍ത്തോഫ്സ്, ടെക്ടാലിയ,ഇന്‍വെനിക്സ് സോഫ്ട്വെയര്‍ സര്‍വീസസ് തുടങ്ങി എഴുപത്തഞ്ചോളം കമ്പനികള്‍ പുതിയതായി ആരംഭിച്ചു. പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായ ഈ കമ്പനികളോടൊപ്പം എക്സ്പീരിയോണ്‍, സെല്ലിസ് എച് ആര്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ വിപുലീകരണത്തിനും തയാറെടുക്കുകയാണ്.

ജീവനക്കാരുടെ തിരിച്ചു വരവ് ഉപജീവനമാര്‍ഗം വഴിമുട്ടിയ ഹോട്ടലുടമകള്‍, നിത്യവേതന ജീവനക്കാര്‍ എന്നിവരുടെ ജീവിതവും സാധാരണ ഗതിയിലാക്കും. ന്യൂ നോര്‍മല്‍സിയില്‍ ഐ ടി പാര്‍ക്കുകളുടെ പ്രവര്‍ത്തനശൈലികള്‍ പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ അടിസ്ഥാനമാക്കിയാവും പ്രവര്‍ത്തിക്കുകയെന്നു അധികൃതര്‍ അറിയിച്ചിട്ടുണ്ട്

റിപ്പോർട്ട്  :   Anju V Nair (Account Manager)

Author

Leave a Reply

Your email address will not be published. Required fields are marked *