ഇടയ്ക്കിടയ്ക്ക് കൈ കഴുകാന്‍ ഓര്‍മ്മിക്കുക : മന്ത്രി വീണാ ജോര്‍ജ്

Spread the love

ഒക്‌ടോബര്‍ 15 ലോക കൈ കഴുകല്‍ ദിനം

തിരുവനന്തപുരം: ഇടയ്ക്കിടയ്ക്ക് ഫലപ്രദമായി കൈ കഴുകാന്‍ എല്ലാവരും ഓര്‍മ്മിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മളിപ്പോഴും കോവിഡിന്റെ പിടിയില്‍ നിന്നും പൂര്‍ണമായി മുക്തരല്ല. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. ലോക കൈകഴുകല്‍ ദിനത്തിന്റെ ഭാഗമായി എല്ലാവരും ഫലപ്രദമായി കൈകഴുകുന്നത് അറിഞ്ഞിരിക്കണം. സ്‌കൂളുകള്‍ കൂടി തുറക്കാന്‍ പോകുന്ന ഈ ഘട്ടത്തില്‍ എല്ലാവരും ഫലപ്രദമായി കൈ കഴുകുന്നതിനെപ്പറ്റി മനസിലാക്കണം. കുട്ടികളെ ചെറിയ പ്രായം മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

20 സെക്കന്റ് കൈ കഴുകുക വളരെ പ്രധാനം

വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കൊണ്ട് കൈ കഴുകുന്നതാണ് ഫലപ്രദമായ രീതി. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ കോവിഡ് ഉള്‍പ്പെടെയുള്ള അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ ശ്വാസകോശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഒഴിവാക്കാനാകും. മാത്രമല്ല ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാനും ഇതിലൂടെ സാധിക്കും. കൈകള്‍ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കരുത്.

സോപ്പുപയോഗിച്ച് കൈ കഴുകുക

വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു.

ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍

1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക
3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക
4. തള്ളവിരലുകള്‍ തേയ്ക്കുക
5. നഖങ്ങള്‍ ഉരയ്ക്കുക
6. വിരലുകളുടെ പുറക് വശം തേയ്ക്കുക
7. കൈക്കുഴ ഉരയ്ക്കുക
8. നന്നായി വെള്ളം ഒഴിച്ച് കൈ കഴുകി ഉണക്കുക.

Author

Leave a Reply

Your email address will not be published. Required fields are marked *