തിരുവനന്തപുരം: ദുബായില്‍ ആരംഭിച്ച ജൈടെക്‌സ് ഗ്ലോബല്‍ 2021 ആഗോള ടെക്‌നോളജി മേളയില്‍ കേരളത്തിന്റെ ഐടി മേഖലയുടെ ശക്തിപ്രകടനമായി പ്രത്യേക പവലിയന്‍ തുറന്നു. സംസ്ഥാനത്തു നിന്നും 30 ഐടി കമ്പനികളും 20 സ്റ്റാര്‍ട്ടപ്പുകളും അടങ്ങുന്ന പ്രതിനിധി സംഘമാണ് ഇത്തവണ ജൈടെക്‌സില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിട്ടുള്ളത്. ഫ്യൂചര്‍ പെര്‍ഫെക്ട് എന്ന പ്രമേയത്തില്‍ കേരളത്തിലെ ഐടി കമ്പനികളുടെ മികവും ശേഷിയും സാങ്കേതിക വിദ്യകളും സേവനങ്ങളും അന്താരാഷട്ര വേദിയില്‍ അവതരിപ്പിക്കുകയും കൂടുതല്‍ നിക്ഷേപകരേയും പങ്കാളികളേയും ആകര്‍ഷിക്കുകയുമാണ് കേരള ഐടി പാര്‍ക്‌സ് സിഇഒ ജോണ്‍ എം തോമസിന്റെ നേതൃത്വത്തിലുള്ള കേരള ഐടി സംഘത്തിന്റെ ലക്ഷ്യം. ജൈടെക്‌സ് മേളയുടെ ഭാഗമായി പ്രവാസി വ്യവസാ പ്രമുഖരുമായും നിക്ഷേപകരുമായും സംഘം പ്രത്യേക ചര്‍ച്ചയും നടത്തും. കേരള ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഐഎഎസും കേരള സംഘത്തിലുണ്ട്.
സര്‍ക്കാര്‍ നേതൃത്വത്തില്‍ ഐടി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഐടി ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്തതിന്റെ ഫലമായാണ് കേരളം രാജ്യത്തെ മികച്ച ഐടി ഹബുകളില്‍ ഒന്നായി മാറിയത്. ലോകോത്തര ഐടി പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിലൂടെയും സ്റ്റാര്‍ട്ടപ്പുകളെയും സംരംഭകത്വത്തേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തമായതാണ് നമ്മുടെ ഐടി നയം. ജൈടെക്‌സ് പങ്കാളിത്തത്തിലൂടെ ആഗോളതലത്തിലെ ടെക്‌നോളജി പ്രമുഖരുമായി ഇടപഴകാനും പുതിയ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കേരളത്തിന്റെ ശേഷി എടുത്തുകാണിക്കാനുമാണ് ലക്ഷ്യമിടുന്നത്,’ ജോണ്‍ എം തോമസ് പറഞ്ഞു.
അതിവേഗം വികസിച്ചു വരുന്ന സാങ്കേതികവിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഡീപ് മെഷീന്‍ ലേണിങ്, ബ്ലോക്‌ചെയ്ന്‍, ഫിന്‍ടെക്ക്, ബിഗ് ഡേറ്റ, ക്ലൗഡ്/ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ രംഗങ്ങളില്‍ കേരള ഐടിയുടെ മികവും വൈദഗ്ധ്യവും കൂടാതെ കേരളത്തിലെ ഐടി നിക്ഷേപ അവസരങ്ങളും അടിസ്ഥാനസൗകര്യങ്ങളുമാണ് ജൈടെക്‌സില്‍ പ്രദര്‍ശിപ്പിക്കുന്നത്.
റിപ്പോർട്ട് : ASHA MAHADEVAN (Account Executive)