സോണിയാ ഗാന്ധിക്ക് ഹസ്സന്‍ കത്തയച്ചു

സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയുടെയും തീരുമാനത്തെ അഭിനന്ദിക്കുന്നതായി മുന്‍ കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്‍.

സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി തീരുമാനം കോണ്‍ഗ്രസിന്റെ ഉന്നതമായ ജനാധിപത്യ പാരമ്പര്യത്തിന് തെളിവാണെന്ന് സോണിയാ ഗാന്ധിക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ഹസന്‍ വ്യക്തമാക്കി.

താഴെത്തട്ടില്‍ പാര്‍ട്ടിക്ക് നവചൈതന്യം നല്‍കാനും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും ഇത് സഹായകരമാകും.രാജ്യത്ത് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മരണമണി മുഴങ്ങുന്ന സാഹചര്യത്തില്‍ അവ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ ധീരമായ നടപടിയായി ഇതിനെ നോക്കികാണാം. ആത്മസംയമനത്തോടെ പാര്‍ട്ടിയില്‍ അച്ചടക്കവും ഐക്യവും സഫലമാക്കാനുള്ള സോണിയാ ഗാന്ധിയുടെ ആഹ്വാനത്തിന് രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണ ഉണ്ടാകുമെന്നും ഹസന്‍ അറിയിച്ചു.

വ്യത്യസ്ത അഭിപ്രായങ്ങളെ സമന്വയിപ്പിക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന മഹത്തായ ജനാധിപത്യ പ്രസ്ഥാനമായി കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയുടെ ഏകകണ്ഠമായ അഭ്യര്‍ത്ഥന മാനിച്ച് എഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചതോടെ കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ അവസാനിച്ചു.രാഹുല്‍ ഗാന്ധിയുടെ ധീരമായ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെയും രാജ്യത്തെയും രക്ഷിക്കാനാകുമെന്ന് ഹസന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *