കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കും: മന്ത്രി പി.രാജീവ്

Spread the love

post

1440 കുടുംബശ്രീ സംരംഭകര്‍ക്ക് സീഡ് ക്യാപിറ്റല്‍ ധനസഹായമായി 4,30,51,096 രൂപ
എറണാകുളം: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും വനിതാ സംരംഭകര്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പി. രാജീവ്. പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ (പിഎംഎഫ്എംഇ) പദ്ധതി പ്രകാരം സ്വയം സംഘാംഗങ്ങള്‍ക്കുള്ള സീഡ് ക്യാപിറ്റല്‍ ധനസഹായം നിയമ- വ്യവസായ – കയര്‍ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധനവാണ് സര്‍ക്കാര്‍ ക്ഷ്യമിടുന്നത് . ഭക്ഷ്യ ഉല്‍പ്പാദന മേഖലയില്‍ ചെറുകിട വന്‍കിട സംരംഭങ്ങളും നിക്ഷേപവും ഉണ്ടാകണം. എംഎസ്എംഇകള്‍ കൂടതല്‍ ശക്തിപ്പെടുത്തണം. അതിന്റെ ഭാഗമായാണ് ഒരു ജില്ലയ്ക്ക് ഒരു ഉല്‍പ്പന്നം പദ്ധതി നടപ്പിലാക്കുന്നത്. സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ടെക്‌നോളജി ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണന്മേ ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി 1440 കുടുംബശ്രീ സംരംഭകര്‍ക്ക് സീഡ് ക്യാപിറ്റല്‍ ധനസഹായമായി 4, 30, 51,096 രൂപ മന്ത്രി പി. രാജീവ് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. രഞ്ജിനിക്ക് കൈമാറി. 14 ജില്ലകളില്‍ നിന്നും ലഭിച്ച അപേക്ഷകര്‍ക്കാണ് ധനസഹായം നല്‍കിയത്.

കേന്ദ്ര സര്‍ക്കാര്‍ – സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഭക്ഷ്യ സംസ്‌കരണ മേഖലയുടെ ഉന്നമനത്തിനായാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സാങ്കേതിക ബിസിനസ്സ് പിന്തുണ ലഭിക്കും. ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതി പ്രകാരം ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉത്പന്നത്തെ തിരഞ്ഞെടുത്ത് അതിനെ വളര്‍ത്തി കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുകയും ഇല്പാദനത്തിന് പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുയും വിപണനം കാര്യക്ഷമമാക്കുകയും ചെയ്യുന്നത് ഉല്‍പ്പന്നത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. കൂടാതെ അടിസ്ഥാന സൗകര്യ വികസനം, ബ്രാന്‍ഡിംഗ് , മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് ഭക്ഷ്യ – സംസ്‌കരണ മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങളും ലഭിക്കും.
പിഎംഎഫ്എംഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ചെറിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി എസ്എച്ച്ജിയുടെ ഓരോ അംഗത്തിനും 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭിക്കും. ഭക്ഷ്യ സംസ്‌കരണ സംരംഭം നടത്തുന്ന ഒരു എസ്എച്ച്ജി അംഗത്തിന് 35% ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്‌സിഡിയും പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും . എസ്എച്ച് ജി ഫെഡറേഷന്റെ മൂലധന നിക്ഷേപത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റോടു കൂടെ 35% സബ്‌സിഡിയും ലഭിക്കും.
തൃശ്ശൂര്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി അഗ്രി ബിസിനസ്സ് ഇന്‍ക്യുബേറ്ററിന്റെ തലവന്‍ ഡോ. കെ.പി. സുധീര്‍ വിവിധ ടെക്‌നിക്കല്‍ സെഷനുകളുടെ മോഡറേറ്ററായി. പിഎംഎഫ്എംഇ സ്‌കീം ആന്റ് അഗ്രി ബിസിനസ് ഇന്‍ക്യുബേറ്റര്‍ , പാലും പാലിന്റെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, കൈതച്ചക്കയുടെ മൂല്യ വര്‍ദ്ധനവും, കറി പൗഡര്‍, അച്ചാര്‍ , ജാം, സ്‌ക്വാഷ് എന്നിവയുടെ നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ ഡോ. കെ.പി. സുധീര്‍ , ജില്ലാ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.എസ്. രതീഷ് ബാബു, വാഴക്കുളം പൈനാപ്പിള്‍ റിസര്‍ച്ച് സ്റ്റേഷന്‍ അസിസ്റ്റന്റ് പ്രൊഫ. ഡോ. ടി. മായ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
പനമ്പിള്ളി നഗറിലെ ഹോട്ടല്‍ അവന്യൂ സെന്ററില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ – ബിപ്പ് ചെയര്‍മാനുമായ ഡോ.കെ.ഇളങ്കോവന്‍ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടറും പിഎം എഫ്എംഇ കേരളയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ രാജമാണിക്യം , വ്യവസായ വാണിജ്യ ഡയറക്ടറും കെ-ബിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ , കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീവിദ്യ , ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം , കെ – ബിപ്പ് സിഇഒ എസ്. സൂരജ് എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *