മഴക്കെടുതി : പഞ്ചായത്തുകളുടെ പുനരുദ്ധാരണത്തിന് പ്രാധാന്യം

Spread the love

post

ഇടുക്കി: പഞ്ചായത്തുകളുടെ പുനരുദ്ധാരണത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ക്ക് റിപ്പോര്‍ട്ടില്‍ പരിഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്. ജില്ലയിലെ മഴകെടുതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ ദുരന്ത ബാധിത പഞ്ചായത്തു അധികൃതരും വകുപ്പ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുമായി ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിലേക്ക് ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പഞ്ചായത്തുകള്‍ നിലവില്‍ നടപ്പിലാക്കാനെടുത്തിരിക്കുന്ന പദ്ധതികള്‍ തുടര്‍ന്ന് നടപ്പിലാക്കാം. എന്നാല്‍ അടുത്ത വര്‍ഷത്തേയ്ക്കായി എടുക്കുന്ന പദ്ധതികള്‍ക്ക് പ്രളയത്തില്‍ തകര്‍ന്നവയുടെ പുനരുദ്ധാരണത്തിന് മുന്‍ഗണന നല്‍കിയുള്ളതായിരിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് പുനരധിവാസം സാധ്യമാണോ എന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ പുനരധിവാസത്തിന് ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി. എന്നാല്‍ പഞ്ചായത്തുകള്‍ വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. വീടുകളുടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നത് സംബന്ധിച്ചു പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാരിലേക്ക് പദ്ധതി സമര്‍പ്പിക്കും.
ഇടുക്കി ജില്ലയില്‍ ഇത്തവണത്തെ മഴക്കെടുതിയില്‍ കൊക്കയാര്‍, പെരുവന്താനം, അറക്കുളം പഞ്ചായത്തുകളെ ഏറെക്കുറെ പൂര്‍ണമായും പന്ത്രണ്ടോളം പഞ്ചായത്തുകളെ ഭാഗികമായും ബാധിച്ചു. തകര്‍ന്ന റോഡുകള്‍, വീടുകള്‍, നഷ്ടപ്പെട്ടുപ്പോയ മൃഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *