സുപ്രീംകോടതി വിധി പ്രതിപക്ഷത്തിന്റെ വിജയം : കൊടിക്കുന്നില്‍ സുരേഷ്

Spread the love

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രീംകോടതി വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമതിയെ കൊണ്ട് അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവായത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ അനേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും വലിയ പ്രക്ഷോഭമാണ് നടത്തിയത്. സ്വതന്ത്രമായ അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ശരിയാണെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ അതിനെ തള്ളിക്കളയുകയും അധിക്ഷേപിക്കുകയുമാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും ചെയ്തത്.ഇരുസഭകളിലും കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ചപ്പോള്‍ അതിനെ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ ഇനിയെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാന്‍ കേന്ദസര്‍ക്കാര്‍ തയ്യാറാകണം.ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ രേഖകളും പുറുത്തു കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രധാനമന്ത്രി ഈ വിഷയത്തില്‍ മൗനം വെടിഞ്ഞ് പെഗാസസ് വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകണം. നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് മുതല്‍ രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിനെ തിരുത്താന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ ചോരയില്‍ മുക്കിക്കൊല്ലാനാണ് ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനിയമങ്ങള്‍ക്കെതിരെ തെരുവില്‍ ഇറങ്ങി സമരം ചെയ്തിട്ടും നൂറുകണക്കിന് കര്‍ഷകരുടെ ജീവന്‍ നഷ്ടമായിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് മോദി സര്‍ക്കാര്‍. ജനാധിപത്യ മര്യാദപോലും പാലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തത് ഏറെ നിര്‍ഭാഗ്യകരമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *