മാര്‍പാപ്പ-മോദി കൂടിക്കാഴ്ച ഭാരത ക്രൈസ്തവ സമൂഹം പ്രതീക്ഷയോടെ കാണുന്നു: ലെയ്റ്റി കൗണ്‍സില്‍

Spread the love

ന്യൂഡല്‍ഹി: ഫ്രാന്‍സീസ് മാര്‍പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വത്തിക്കാനില്‍ നടത്തുന്ന കൂടിക്കാഴ്ച ഏറെ പ്രതീക്ഷയോടെയാണ് ഭാരത ക്രൈസ്തവസമൂഹം കാണുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ലോകസമാധാനത്തിനുവേണ്ടിയും ഭീകരവാദത്തിനെതിരെയുമുള്ള ഉറച്ച നിലപാടുകളാണ് ആഗോള കത്തോലിക്കാസഭയ്ക്കുള്ളത്. ഭാരതമിന്ന് നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ-മോദി കൂടിക്കാഴ്ച ഏറെ പ്രസക്തമാണ്. 2000-മാണ്ടില്‍ എ.ബി.വാജ്‌പേയ് വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദശിച്ചിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുമെന്ന് കത്തോലിക്കരുള്‍പ്പെടെ ഭാരതത്തിലെ ക്രൈസ്തവ സമൂഹം കരുതുന്നു. 1964ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും 1986ലും 1999ലും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് അവസരമൊരുങ്ങിയാല്‍ ഭാരതത്തില്‍ മാത്രമല്ല ആഗോളതലത്തിലും കൂടുതല്‍ ചര്‍ച്ചകളും ചലനങ്ങളും സന്ദര്‍ശനം സൃഷ്ടിക്കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍

Author

Leave a Reply

Your email address will not be published. Required fields are marked *