കൊച്ചി: ഫ്രാന്‍സീസ് മാര്‍പാപ്പായും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വത്തിക്കാനില്‍ നടന്ന ഒരു മണിക്കൂര്‍ നീണ്ട ഊഷ്മളമായ കൂടിക്കാഴ്ച ഭാരതത്തിന് അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
മാര്‍പാപ്പയെ ഇന്ത്യയിലേയ്ക്കു ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന സമീപനവും വിശാല കാഴ്ചപ്പാടും അഭിനന്ദനീയമാണ്. ഇന്ത്യയിലെ കത്തോലിക്കാസഭയുടെ അല്മായ പ്രതിനിധിയും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി എന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു.
വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനും ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ലോകജനതയൊന്നാകെ ഏറെ ആദരവോടെ കാണുന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ഇന്ത്യാ സന്ദര്‍ശനം വളരെ ആകാംക്ഷയോടെയാണ് ഭാരതസമൂഹമൊന്നാകെ കാത്തിരിക്കുന്നത്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ജീവന്റെ സംരക്ഷണത്തിന്റെയും സന്ദേശം ലോകത്തിനുമുമ്പില്‍ ഉയര്‍ത്തിക്കാട്ടുന്ന ഉറച്ചനിലപാടുകളുള്ള ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ഇന്ത്യാ സന്ദര്‍ശനം ചരിത്രസംഭവമായി മാറുമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍