ദേശീയ ആയുര്‍വേദ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

Spread the love

പോഷണത്തിന് ആയുര്‍വേദം: നവംബര്‍ 2 ദേശീയ ആയുര്‍വേദ ദിനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാനം നവംബര്‍ രണ്ടിന് രാവിലെ 9.30 മണിക്ക് ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതോടൊപ്പം വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ആയുഷ് വകുപ്പ് നടത്തുന്ന ശില്പശാലയുടേയും കുട്ടികള്‍ക്കുള്ള സമഗ്ര കോവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതിയുടേയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ‘പോഷണത്തിന് ആയുര്‍വേദം’ എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം.

ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ആയുര്‍വേദം പറയുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നവരില്‍ പോലും പോഷണക്കുറവ് കാണുന്നുണ്ട്. പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. രക്തത്തിലെ ഹീമോഗ്ലോബിന്‍ പന്ത്രണ്ടില്‍ താഴ്ന്നാല്‍ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്. കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചാരോഗം കാരണം രോഗപ്രതിരോധശേഷി, ആരോഗ്യം, ശരീരഭാരം, ബുദ്ധി, ഓര്‍മ്മശക്തി, ഇവ കുറഞ്ഞു പോകുമെന്നതിനാല്‍ ഈ കോവിഡ് കാലത്ത് പോഷണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ആഹാരത്തില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. ശരിയായ പോഷണമുള്ളവര്‍ക്ക് മാത്രമേ ആരോഗ്യത്തിനൊപ്പം രോഗപ്രതിരോധ ശേഷിയും ഗുണകരമായി നിലനില്‍ക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

മെച്ചപ്പെട്ട ആരോഗ്യമുണ്ടാകുവാന്‍ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകള്‍ ശീലിക്കുകയും വേണം. ആയുര്‍വേദ രീതി അനുസരിച്ചുള്ള ഭക്ഷണരീതികള്‍ പരിചയപ്പെടുന്നതിനും അവ പൊതു ആരോഗ്യത്തിനായി പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനാണ് ആയുഷ് വകുപ്പ് വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ആയുര്‍വേദ ദിനത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *