മുകുൾ കേശവൻ – വക്കം മൗലവി സ്മാരക പ്രഭാഷണം

“ഭൂരിപക്ഷാധിപത്യവാദം ഒരു രാഷ്ട്രീയ മഹാമാരിയെന്ന നിലയിൽ ബഹുസ്വര സമൂഹങ്ങൾക്കും രാഷ്ട്രീയ വ്യവസ്ഥകൾക്കും ഭീഷണി” യാണെന്ന് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ ശ്രീ മുകുൾ കേശവൻ. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പ്രഭാഷണം “ആധുനിക കാലഘട്ടത്തിലെ ഭൂരിപക്ഷാധിപത്യവാദ പ്രവണതകൾ, ഒരു അന്വേഷണം” എന്ന വിഷയത്തെ കുറിച്ച് നടത്തുകയായിരുന്നു അദ്ദേഹം.

“ഒരു രാഷ്ട്രത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കേണ്ടത് അവിടത്തെ മത-വംശീയ ഭൂരിപക്ഷ വിഭാഗങ്ങളായിരിക്കണമെന്ന വാദം അത്യന്തം അപകടകരമാണ്. ഈ അവകാശവാദം പുതുതല്ല. അതിനു ദക്ഷിണേഷ്യൻ ചരിത്രത്തോളം പഴക്കമുണ്ട്. പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ബർമ തുടങ്ങിയ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകത്തിൽ തന്നെ ഇത്തരം ഭൂരിപക്ഷാധിപത്യ പ്രവണതകൾ കണ്ടുതുടങ്ങിയിരുന്നു. പാകിസ്ഥാനിൽ മത ന്യുന പക്ഷങ്ങളെയും വംശീയ ന്യുനപക്ഷങ്ങളെയും അടിച്ചമർത്തിയപ്പോൾ ശ്രീലങ്കയിലും പിന്നീട് ബംഗ്ലാദേശിലും ഇതാവർത്തിച്ചു. ഭൂരിപക്ഷമതാധികാരം ശക്തി പ്രാപിച്ചപ്പോൾ പൗരത്വം തുടങ്ങിയ വിഷയങ്ങളിൽ സങ്കീർണമായ പ്രശ്നങ്ങൾ ഉടലെടുത്തു. 1980 കളുടെ ആദ്യം വരെ ഇന്ത്യ ഇത്തരം പ്രവണതകളെ പ്രതിരോധിച്ചിരുന്നു. 1983 ലെ ആസ്സാം കൂട്ടക്കൊലയും 1984 ലെ സിഖ് വിരുദ്ധ കലാപവും പിന്നീട് നടന്ന മുംബൈ, ഗുജറാത്ത് കലാപങ്ങളും ഇന്ത്യയിലും മാറ്റത്തിനു കാരണമായി. എന്നാൽ ഇന്ത്യയിൽ രൂപപ്പെട്ടുവന്ന ഭൂരിപക്ഷാധിപത്യവാദം ജർമനിയിലും മറ്റും ഉടലെടുത്ത തീവ്രഫാസിസ്റ്റു വംശീയാധിപത്യ സ്വഭാവത്തിലുളള തരത്തിലേക്ക് മാറാനുള്ള സാദ്ധ്യതകൾ കുറവാണ്. 200 ദശലക്ഷം വരുന്ന ഇന്ത്യൻ മുസ്ലിങ്ങളെ വംശീയഹത്യ ചെയ്യാൻ ഒരു ഭരണകൂടത്തിനും കഴിയില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്കും രാഷ്ട്രീയാധികാരത്തിനും വേണ്ടി പലതും ചെയ്തെന്നിരിക്കും. എന്നാൽ ഉയർന്ന ഭരണഘടനാ മൂല്യങ്ങളിൽ അടിയുറച്ച ഇന്ത്യൻ ജനാധിപത്യത്തിനു ഇതിനെ മറികടക്കാനാകും,” മുകുൾ ചൂണ്ടിക്കാട്ടി. ഷാജഹാൻ മാടമ്പാട്ടു അധ്യക്ഷനായിരുന്നു. ഡോ. ബി. ഇഖ്ബാൽ. ഡോ. രവി രാമൻ, ഡോ. വി. മാത്യു കുര്യൻ, ഡോ. കെ. എം. സീതി തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രത്തിന്റെ വൈസ് പ്രസിഡന്റ് സബിൻ ഇക്ബാൽ സ്വാഗതം പറഞ്ഞു.

 

Prof M. Thahir (President)

Prof K.M. Seethi (Governing Board Member and Media in Charge, VMMRC)

K. M. SEETHI
Director,
Inter University Centre for Social Science Research and Extension 
Former Dean, Director and Professor,
School of International Relations and Politics
Mahatma Gandhi University
Kottayam, Kerala
India-686560

Leave a Reply

Your email address will not be published. Required fields are marked *