കൂറ്റന്‍ പദ്ധതികളല്ല, ഇന്ധനവിലയില്‍ ആശ്വസമാണ് വേണ്ടത് : കെ സുധാകരന്‍ എംപി

Spread the love

സഹ്രസകോടികള്‍ കടമെടുത്തുള്ള കെ റെയില്‍ പദ്ധതികളല്ല മറിച്ച് അതിരൂക്ഷമായ ഇന്ധനവിലയില്‍ ഇളവാണ് കേരള ജനത സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.ഇന്ധനവില വര്‍ധനവിനെതിരെയും നികുതി കുറയ്ക്കാന്‍ തയ്യാറാക്കാത്ത എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ് ജില്ലകളില്‍ നടത്തിയ ചക്രസ്തംഭന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.


സഖാക്കള്‍ ചെങ്കൊടി പിടിക്കാതെ തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലുതവണ ഇന്ധനവിലയില്‍ ഇളവ് നല്‍കിയ കാര്യം പിണറായി സര്‍ക്കാര്‍ കണ്ണുതുറന്ന് കാണണം. അതുകൊണ്ട് ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ള ധാര്‍മികാവകാശം കോണ്‍ഗ്രസിനുണ്ട്.തൊഴിലാളി താല്‍പ്പര്യം വില്‍പ്പനച്ചരക്കാക്കിയ സിപിഎം സംസ്ഥാന സര്‍ക്കാരിനോട് പറയുന്നത് ഇന്ധനവില കുറയ്ക്കണ്ടെന്നാണ്. വിവേകമുള്ള നേതാക്കള്‍ ഇപ്പോഴും സിപിഎമ്മിലുണ്ടെങ്കില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും സിപിഎം നേതൃത്വത്തേയും തിരുത്താന്‍ തയ്യാറാകണം.

അഗോളവിപണിയില്‍ ഇന്ധനവില കുറയുന്നതിന് ആനുപാതികമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ജനത്തിന്റെ ദുരിതവും പ്രയാസവും കഷ്ടപ്പാടും കണ്ടില്ലെന്ന് നടിക്കുകയാണ് മോദി പിണറായി സര്‍ക്കാരുകള്‍. കോവിഡ് പ്രതിസന്ധി മൂലം വരുമാനം ഇല്ലാതെ ജനം പട്ടിണികിടക്കുകയാണ്. കടം വാങ്ങിയ തുക തിരികെ അടയ്ക്കാന്‍ കഴിയാതെയും ജീവിക്കാന്‍ വകയില്ലാതെയും നിരവധിപേരാണ് ആത്മഹത്യ ചെയ്തത്. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നിത്യനിദാന ചെലവിന് കാശില്ലാതെയായി. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നു. യാത്രക്കൂലിക്ക് പോലും കാശില്ല.ഇന്ധനം അടിക്കാന്‍ കാശില്ലാത്തിനാല്‍ ജനം വാഹനങ്ങള്‍ വീട്ടില്‍ വെറുതെ ഇട്ടിരിക്കുകയാണ്.ഇതെല്ലാം കണ്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മനുഷ്യത്വപരമായ നടപടി ഉണ്ടാകുന്നില്ല.

ജനങ്ങളോട് പ്രതിബദ്ധതയുള്ള ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഇതെല്ലാം കണ്ടിട്ട് വെറുതെയിരിക്കാന്‍ സാധ്യമല്ല.ജനങ്ങളെ ബുദ്ധുമുട്ടിക്കാനോ പൊതുമുതല്‍ നശിപ്പിക്കാനോ അല്ല കോണ്‍ഗ്രസ് സമരം നടത്തുന്നത് മറിച്ച് ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയാണ്. സര്‍ക്കാരുകളില്‍ നിന്ന് ആശ്വാസം പകരുന്ന നടപടികള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സമരമുഖത്ത് ഇറങ്ങിയത്. കോണ്‍ഗ്രസിന്റെ സമരത്തെ അവഗണിക്കാനാണ് ഭാവമെങ്കില്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ പ്രതിഷേധം വ്യാപിപ്പിക്കും. ജനത്തിന്റെ ശബ്ദം അധികാര കേന്ദ്രങ്ങളിലെത്തിക്കാനാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. അതിന് പൊതുജനത്തിന്റെ പിന്തുണ ഉണ്ടെന്നും സുധാകാരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അനാവശ്യ ധൂര്‍ത്താണ് ഖജനാവിന്റെ കടബാധ്യത പെരുകാനിടയായത്. സംസ്ഥാനത്തിന്റെ പൊതുകടം നാലു ലക്ഷം കോടിക്ക് മുകളിലായി. രണ്ടുലക്ഷം കോടി രൂപയാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ ഇതുവരെ കടമെടുത്തത്. ഇന്ധന നികുതിയിനത്തില്‍ 18000

കോടിയാണ് സംസ്ഥാന ഖജനാവില്‍ ഒഴികിയെത്തിയത്. എന്നിട്ടും ഇന്ധന നികുതി ഇളവ് നല്‍കി അല്‍പ്പം ആശ്വാസം ജനത്തിന് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ധന നികുതിയില്‍ നേരിയ ആശ്വാസം നല്‍കാന്‍ മോദിസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവലി കുറയ്ക്കാന്‍ എഐസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. കെപിസിസി ട്രഷറര്‍ പ്രതാപ ചന്ദ്രന്‍, ജനല്‍ സെക്രട്ടറിമാരായ ജി എസ് ബാബു, മരിയാപുരം ശ്രീകുമാര്‍, സുബോധന്‍ എന്നിവരും അടൂര്‍ പ്രകാശ് എംപി, എം വിന്‍സന്റ് എംഎല്‍എ,കെപിസിസി ഭാരവാഹികള്‍, നിര്‍വാഹക സമതി അംഗങ്ങള്‍, പോഷകസംഘടനാ ഭാരവാഹികള്‍, കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് പതിനാലു ജില്ലകളിലും കെപിസിസി നിര്‍ദ്ദേശാനുസരണം ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ സമരം നടത്തിയത്. രാവിലെ 11 മണിമുതല്‍ 11.15 വരെയായിരുന്നു ചക്രസ്തംഭന സമരം കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *