ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളിൽ നിന്നും സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ റീ-ടേൺ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.
കാർഷിക/ ഉത്പാദന/ സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ ലഭിക്കും. ഡയറി ഫാം, പൗൾട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, അക്വാകൾച്ചർ, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാർഡ്‌വെയർ ഷോപ്പ്, ഫർണ്ണിച്ചർ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാർലർ, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷൻ സ്റ്റോർ, ഡ്രൈവിംഗ് സ്‌കൂൾ, ഫിറ്റ്‌നെസ്സ് സെന്റ്ർ, സൂപ്പർ മാർക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാർമെന്റ്
യൂണിറ്റ്, ഫ്‌ളോർ മിൽ, ഡ്രൈക്‌ളീനിംഗ് സെന്റർ, മൊബൈൽ ഷോപ്പ്, ഫാൻസി/ സ്റ്റേഷനറി സ്റ്റാൾ, മിൽമാ ബൂത്ത്, പഴം/ പച്ചക്കറി വില്പനശാല, ഐസ്‌ക്രീം പാർലർ, മീറ്റ് സ്റ്റാൾ, ബുക്ക് സ്റ്റാൾ, എൻജിനിയറിങ് വർക്ക്‌ഷോപ്പ്, ടൂറിസം സംരഭങ്ങൾ എന്നിവയ്‌ക്കെല്ലാം വായ്പ ലഭിക്കും. ആറ് മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതി പ്രകാരം വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്സ്. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗൂണഭോക്താവ് കണ്ടെത്തണം. വായ്പ അനുവദിക്കുന്നതിന് ജാമ്യം ഹാജരാക്കണം.
നോർക്ക റൂട്ട്‌സ് ശുപാർശ ചെയ്യുന്ന പ്രവാസികൾക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. www.norkaroots.net ൽ NDPREM- Rehabiliation Scheme for Return NRKs എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. രജിസ്റ്റർ ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോം ലഭിക്കുന്നതിന് നോർക്കാറൂട്ട്‌സിൽ നിന്നും ലഭിക്കുന്ന ശുപാർശ കത്ത് സഹിതം കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകളെ സമീപിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ksbcdc.com.