കോവിഡ് മരണം: പ്രവാസികളുടെ കണക്കുകളില്‍ വ്യക്തത വേണം: കുമ്പളത്ത് ശങ്കരപ്പിള്ള

Spread the love

തിരുവനന്തപുരം: പ്രവാസലോകത്ത് കോവിഡ് ബാധിച്ചു മരണമടഞ്ഞ പ്രവാസികളുടെ കണക്കുകളില്‍ വ്യക്തത വരുത്തണമെന്ന് ഒഐസിസി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. കോവിഡ് ബാധിച്ചു നാട്ടില്‍ മരിച്ചവരുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കുമ്പോഴും പ്രവാസലോകത്ത് മരണമടഞ്ഞവരുടെ കാര്യത്തില്‍ കൃത്യമായ കണക്കുകളില്ല. ഇത്തരം കണക്കുകള്‍ ശേഖരിക്കുന്നതില്‍ അനശ്ചിതത്വം തുടരുമ്പോഴാണ് ഇവരുടെ കുടുംബങ്ങളെ സഹായിക്കും എന്ന പൊള്ളയായ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുന്നത്. നിലവില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ പ്രായോഗികമല്ല. വിവരശേഖരണത്തിലും സഹായങ്ങള്‍ നല്‍കുന്നതിലും കാലതാമസം തുടരുന്നത് തീര്‍ത്തും അവഗണനാണ്.

 

നിരവധി കുടുംബങ്ങളാണ് ഇതോടെ അനാഥരായി കഴിയുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രതീക്ഷപോലും ഇല്ലാത്ത ആയിരങ്ങളുണ്ട്. പ്രവാസലോകത്തുള്ള സംഘടനകളും വ്യക്തികളും മാത്രമാണ് ഇവരുടെ നിലവിലുള്ള ആശ്രയം. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഇത്തരത്തില്‍ ദുരിതംപേറി ജീവിക്കുന്നത്. കേന്ദ്രസര്‍ക്കാരും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഇന്ത്യന്‍ എംബസികള്‍, സന്നദ്ധ സംഘടനകള്‍, പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ വഴിയുണ്ടെന്നിരിക്കെയാണ് ഇത്തരം അവഗണനകള്‍ എന്നതും ശ്രദ്ധേയമാണ്.

പ്രവാസലോകത്ത് മരിച്ചവരില്‍ ഏറെയും സാധാരണക്കാരും തൊഴിലാളികളുമാണ്. വലിയ ബാധ്യതയോടെയാണ് ഇവര്‍ പ്രവാസലോകത്തേക്ക് എത്തിയത് തന്നെ. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി ഇവരില്‍ പലരേയും സാമ്പത്തികമായി ദുരിതത്തിലാഴ്ത്തിയിരുന്നു. ഇവരുടെ മരണത്തോടെ ആ കുടുംബങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സര്‍ക്കാരുകളുടെ ചില അനാവശ്യമാനദണ്ഡങ്ങളെ തുടര്‍ന്ന് ഇത്തരം സഹായങ്ങള്‍ക്ക് പുറത്തുനില്‍ക്കേണ്ടി വരുന്ന കുടുംബങ്ങളും ഏറെയാണ്. പ്രവാസലോകത്ത് മരണപ്പെട്ടവരുടെ കൃത്യമായ കണക്ക്, അവരില്‍ എത്രപേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചു എന്ന കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണം. അവരുടെ മുന്നോട്ടുള്ള ജീവിതചെലവുകള്‍ക്കായി ചെറുകിട പദ്ധതികള്‍ തുടങ്ങുന്നതിന് പലിശരഹിത വായ്പ നല്‍കുക, കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഈ വിഷയങ്ങളിലെ അവ്യക്തത നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കും. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ഒഐസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *