ജില്ലയിലെ പഞ്ചായത്തുകളില്‍ കയര്‍ ഭൂവസ്ത്രം വ്യാപകമാക്കും

പാലക്കാട്: മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍ നിന്നൊക്കെ നിന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിനായി കയര്‍ ഭൂവസ്ത്രം വ്യാപകമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കയര്‍ ബോര്‍ഡുമായി ധാരണയിലെത്തി. നവംബര്‍ മുതല്‍ 2022 ജനുവരി വരെ 526674 സ്‌ക്വയര്‍ മീറ്റര്‍ കയര്‍ ഭൂവസ്ത്രം വാങ്ങുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കയര്‍ വികസന വകുപ്പ് എന്നിവ സംയുക്തമായി ധാരണ ഒപ്പുവെച്ചു.
2021 ഫെബ്രുവരിയില്‍ 1181000 സ്‌ക്വയര്‍ മീറ്റര്‍ കയര്‍ ഭൂവസ്ത്രം വാങ്ങുന്നതിന് കയര്‍ വികസന വകുപ്പുമായി തദ്ദേശസ്ഥാപനങ്ങള്‍ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കോവിഡും തുടര്‍ച്ചയായ മഴയും മൂലം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മൂന്നു മാസത്തിനുള്ളില്‍ 526674 സ്‌ക്വയര്‍ മീറ്റര്‍ കയര്‍ ഭൂവസ്ത്രം വാങ്ങാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ധാരണയായി. ബാക്കി 2022 മാര്‍ച്ചിനുള്ളില്‍ വാങ്ങുമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ അറിയിച്ചിട്ടുണ്ട്.
post

കോവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി കയര്‍ഭൂവസ്ത്രവിതാന പദ്ധതികള്‍ ജില്ലയിലുടനീളം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കയര്‍ വികസന വകുപ്പിന്റെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറിലാണ് തദ്ദേശസ്ഥാപനങ്ങള്‍ കയര്‍ വികസന കോര്‍പ്പറേഷനുമായി ധാരണയായത്.
പാലക്കാട് ടോപ് ഇന്‍ ടൗണില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ എം. കെ ഉഷ, കയര്‍ കോര്‍പ്പറേഷന്‍ സെയില്‍സ് മാനേജര്‍ ആര്‍. അരുണ്‍ ചന്ദ്രന്‍, കയര്‍ പ്രോജക്ട് ഓഫീസര്‍ ബി. ശശീന്ദ്രന്‍, കയര്‍ പ്രൊജക്റ്റ് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.
സെമിനാറിന്റെ ഭാഗമായി നടത്തിയ ബ്ലോക്ക് തല ചര്‍ച്ചകളില്‍ ജില്ലയിലെ 13 ബ്ലോക്കുകളില്‍ നിന്നുള്ള പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രൊജക്റ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍, ബ്ലോക്ക് തല അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *