സഹകരണ മേഖല പുതിയ കാലത്തെ വലിയ ബദൽ : മുഖ്യമന്ത്രി

Spread the love

കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിട്ടിറിംഗ് സിസ്റ്റം ഒരാഴ്ചയ്ക്കകമെന്ന് മന്ത്രി വി.എൻ. വാസവൻ

പുതിയ കാലത്ത് വലിയൊരു ബദൽ സാദ്ധ്യതയാണ് സഹകരണ മേഖലയെന്നും അതുകൊണ്ടു തന്നെ നിലനിൽപ്പും അതിജീവനവും ഉദാവൽക്കരണ ആഗോളവൽക്കരണ നയങ്ങളുടെ വക്താക്കളെ അസഹിഷ്ണുക്കളാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 68-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ ബദലായി മാറിയ സഹകരണ മേഖലയെ തന്നെ ഇല്ലാതാക്കാൻ നടത്തുന്ന മൂർത്തമായ ശ്രമത്തിന്റെ ദൃഷ്ടാന്തങ്ങൾ കേന്ദ്ര നിയമത്തിലൂടെയും കാണുന്നുണ്ട്. സഹകരണ മേഖലയിലെ ഫെഡറൽ തത്വങ്ങളെ ആകെ ലംഘിക്കും വിധം കൈയടക്കാൻ ശ്രമിക്കുകയാണ്. യുക്തിരഹിതമായ നിയമങ്ങളിലൂടെ സഹകരണ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും വരിഞ്ഞു മുറുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇപ്പോഴും ഡെമോക്ലീസിന്റെ വാൾ പോലെ ആദായ നികുതി നിയമത്തിന്റെ പല വകുപ്പുകളും സഹകരണ മേഖലയുടെ തലയ്ക്കുമുകളിൽ തൂങ്ങി നിൽക്കുന്നു.

അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിലും വായ്പ നൽകുന്നതിനും ആർബിഐ എതിർപ്പുയർത്തുന്നില്ല. എന്നാൽ എതിർപ്പ് ഇല്ലെന്ന് പറയുന്ന കാര്യങ്ങൾ പോലും നടപ്പിലാക്കാൻ പറ്റാത്ത സ്ഥിതിയാണ്. ആറര പതിറ്റാണ്ടായി ഉപയോഗിച്ചു വരുന്ന ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ആഗോളവൽക്കരണത്തിനുള്ള ബദൽ എന്ന നിലയിലാണ് സഹകരണ മേഖലയെ സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നുള്ള വ്യവസ്ഥകളുടെ ദുർബലാവസ്ഥ മറികടക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാന രജിസ്ട്രാർ ഓഫീസിലോ മന്ത്രി ഓഫീസിലോ ഉദ്യോഗസ്ഥരുടെ ഓഫീസുകളിലോ ഇരുന്നാൽ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന തരത്തിലുള്ള ഓഡിറ്റ് സമ്പ്രദായം നടപ്പിലാക്കാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്. കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിട്ടറിംഗ് സിസ്റ്റം ഒരാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യാൻ പോകുകയാണ്. ഐടി ഇന്റഗ്രേഷൻ വരാൻ പോകുന്നു. എല്ലാ തരത്തിലുള്ള ആധുനിക സംവിധാനങ്ങളും സഹകരണ മേഖലയിൽ നടപ്പിലാകാൻ പോകുകയാണെന്നും മന്ത്രി വിശദീകരിച്ചു.

ഇതിനോടൊപ്പം തന്നെ കേന്ദ്ര നയങ്ങളിൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് തടയിട്ടെങ്കിലും ജാഗ്രതയോടെ ഇരിക്കണം. പല രൂപത്തിൽ നമുക്കുള്ള അവകാശാധികാരങ്ങളിലേയ്ക്കുള്ള കടന്നു കയറ്റങ്ങൾ നടത്താൻ ശ്രമിക്കുന്നുണ്ട്. ബാങ്കിംഗ് റഗുലേഷൻ ആക്ടിന്റെ ഭേദഗതിയും സഹകരണ മേഖലയ്ക്കെതിരായി ഉയരുന്ന ഭീഷണിയാണ്. ഇതിനെതിരെ നിയമപരമായും ജനാധിപത്യപരമായും പ്രതിരോധം സൃഷ്ടിച്ചു കൊണ്ട് മുന്നോട്ട് പോകേണ്ട സമയമാണ്. ഇതിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോകാമെന്ന് എല്ലാ സഹകാരികളോടും അഭ്യർത്ഥിക്കുന്നതായും വി. എൻ. വാസവൻ പറഞ്ഞു.

സംസ്ഥാന സഹകരണ രജിസ്ട്രാർ പി.ബി. നൂഹ് പതാക ഉയർത്തിയതോടെയാണ് സഹകരണ വാരാഘോഷ ചടങ്ങുകൾ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയാക്കോട് കൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായിരുന്നു.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, കരകുളം കൃ്ഷ്ണപിള്ള, സി.പി. ജോൺ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. അഡീഷണൽ രജിസ്ട്രാർ അനീറ്റ ടി. ബാലൻ നന്ദി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം സഹകരണ മേഖല പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ സെമിനാറും നടന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *