പ്രണയത്തിന്റെ ഭാഷയാണെങ്കിലും സഹായത്തിന്റെ ഭാഷയാണെങ്കിലും പരസ്യം കൊടുക്കാതെ പങ്കുവെക്കുന്നതാണ് മഹത്വമെന്നും അല എന്ന സംഘടനയെ വ്യത്യസ്തമാക്കുന്നത്, ഈ തത്വം പാലിച്ചുള്ള പ്രവർത്തനമാണെന്നും ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ പറഞ്ഞു. അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര തവണ തീരം തള്ളിയാലും വീണ്ടും തഴുകുന്ന മൃദുലമായ തിര പോലെ സ്നേഹത്തിന്റെ എല്ലാ അക്ഷരങ്ങളും എഴുതുന്ന തീരത്തിലേക്ക് എത്താൻ അലക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
നവംബർ ആറിന് നടന്ന അലയുടെ വാർഷിക സമ്മേളനത്തിന് ആശംസകളർപ്പിച്ചത് എഴുത്തുകാരി ആർ രാജശ്രീയും മുതിർന്ന മാധ്യമപ്രവർത്തകൻ എൻ പി ചന്ദ്രശേഖരനുമാണ്. ടെക്നോക്രാറ്റ് സമൂഹത്തെ പ്രതിനിധീകരിക്കുന്ന മുതലാളിത്ത രാജ്യമായ അമേരിക്കയിലുള്ളവർ കലയെ എങ്ങനെ സമീപിക്കും എന്നതടക്കമുള്ള മുൻവിധിയോടെയുള്ള ചോദ്യങ്ങൾക്ക് മറുപടിയാണ് അലയുടെ പ്രവർത്തനങ്ങളെന്ന് ആർ രാജശ്രീ അഭിപ്രായപ്പെട്ടു. കേരളത്തിലുള്ളവരിലും ഗൗരവമായാണ് കലയേയും സാഹിത്യത്തേയും പ്രവാസികൾ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്. കലയെ സ്നേഹിക്കുന്ന ഒരു സംഘമാളുകൾ ലോകത്തിന്റെ പലയിടങ്ങളിലിരുന്ന് പരസ്പരം തൊടുന്നു എന്നതാണ് അലയുടെ ഏറ്റവും വലിയ സൗന്ദര്യം. അഴുക്കിനെ കഴുകി വൃത്തിയാക്കിയെടുക്കുക എന്നതാണ് അല ചെയ്യുന്നത്. ആ അർഥത്തിൽ ഏറ്റവും സൗന്ദര്യാത്മകമായ പേരാണ് അലയുടേതെന്നും രാജശ്രീ പറഞ്ഞു. മനുഷ്യനെ വീണ്ടും വീണ്ടും മനുഷ്യത്വത്തിലേക്ക് പുതുക്കിക്കൊണ്ടിരിക്കുന്ന സംഘടനയാണ് അലയെന്ന് എൻ പി ചന്ദ്രശേഖരൻ പറഞ്ഞു. ഐക്യകേരളം ഉണ്ടാകുന്ന സമയത്ത് മറുനാടൻ മലയാളികൾക്കുള്ളതാണ് ഐക്യകേരളമെന്ന ചിന്തയാണ് വയലാളും കവിതയിലൂടെ പങ്കുവെച്ചത്. നാടിന് വിഷമം വന്നപ്പോൾ അല താങ്ങായി നിന്നത് വയലാറിന്റെ വരികൾ ശരിവെക്കുകയാണ്. അടുത്ത തലമുറയെ നഷ്ടപ്പെട്ട മലയാളികളായി മാറ്റാതിരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അല അക്കാദമിയാണ് സംഘടന ചെയ്യുന്ന ഏറ്റവും വലിയ കാര്യങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.
വയലാറിന്റെ “മാറ്റുവിൻ ചട്ടങ്ങളേ” എന്ന ഗാനം നയന പ്രകാശ് ആലപിച്ചതോടെയാണ് യോഗത്തിന് തുടക്കമായത്. വയലാറിനെ അനുസ്മരിച്ചുകൊണ്ടാണ് വയലാർ ശരത്ചന്ദ്രവർമ്മയും മറ്റ് അതിഥികളും സംസാരിച്ചതും. അല പ്രസിഡന്റ് ഷിജി അലക്സ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം ലീസാ മാത്യു സ്വാഗതം പറഞ്ഞു. തുടർന്ന് അല ചെയർമാൻ ഡോ രവി പിള്ളൈ അലയുടെ നാൾവഴിയെ കുറിച്ച് സംസാരിച്ചു. സെക്രട്ടറി കിരൺ ചന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ ജോയിന്റ് ട്രഷറർ പ്രദീപ് പിള്ളൈ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
കോവിഡ് മഹാമാരി കാലത്ത് കേരള സർക്കാർ സാമൂഹ്യ സുരക്ഷാ രംഗത്ത് നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളെ അഭിനന്ദിച്ചും , ലോകമെമ്പാടുമുള്ള ആരോഗ്യ മേഘലയിലെ പ്രവർത്തകരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങളെ സ്മരിച്ചു കൊണ്ടും അലയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം റീന ബാബു അവതരിപ്പിച്ച പ്രമേയം ദേശീയ എക്സിക്യൂട്ടീവ് അംഗം ലത അജി പിന്താങ്ങിയതോടെ പ്രമേയം പാസ്സാക്കിയതായി സെക്രട്ടറി അറിയിച്ചു.
തുടർന്നായിരുന്നു അലയുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. രണ്ടു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷമാണ് പുതിയ നേതൃത്വം ചുമതലയേറ്റത്. നിലവിലെ പ്രസിഡന്റ് ഷിജി അലക്സ് നേതൃസ്ഥാനത്ത് തുടരണമെന്ന തീരുമാനം പോലെ തന്നെ, ദേശീയതലത്തിലെ മറ്റു അഞ്ച് സ്ഥാനങ്ങളിലേക്കും ഉള്ള സ്ഥാനാർത്ഥികളെയും മത്സരമില്ലാതെയാണ് അംഗങ്ങളും ദേശീയ എക്സിക്യൂട്ടീവും ഏകകണ്ഠമായി തീരുമാനിച്ചത്.
പുതിയ സെക്രട്ടറിയായി ഐപ്പ് സി വർഗീസിനെ തെരഞ്ഞെടുത്തു. ലീസ മാത്യു വൈസ് പ്രസിഡന്റും പ്രദീപ് പിള്ളൈ ട്രഷററും റീന ബാബു ജോയിന്റ് സെക്രട്ടറിയുമാകും. വിനോദ് ചെറിയാനാണ് ജോയിന്റ് ട്രഷറർ. അശോക് പിള്ളൈ, ജസ്റ്റിൻ വർഗീസ് , രമേശ് നായർ, വിദ്യ രാജേഷ്, ജിന ഡിക്രൂസ്, ഹരീഷ് കൃഷ്ണൻകുട്ടി, ശ്രീജയൻ എവി എന്നിവരാണ് മറ്റ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ. ദേശീയ സമ്മേളനത്തിന് രണ്ടു മാസം മുമ്പ് തന്നെ വാർഷിക അംഗത്വ പരിപാടി ആരംഭിച്ചു കഴിഞ്ഞു.അലയുടെ വിവിധ ചാപ്റ്ററുകളുടെ സമ്മേളനം ഈ കാലയളവിൽ നടന്നു. ചാപ്റ്റർ ഭാരവാഗികളേയും ദേശീയ എക്സിക്യൂട്ടീവിൽ പ്രഖ്യാപിച്ചു.
വലിയ പ്രതീക്ഷകളോടെയാണ് അല അടുത്ത രണ്ടു വർഷങ്ങളെ ഉറ്റു നോക്കുന്നതെന്ന് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷിജി അലക്സ് പറഞ്ഞു. വൈവിധ്യങ്ങളായ പദ്ധതികളാണ് അല ഇത്തവണയും മുന്നോട്ടു വയ്ക്കുന്നതെന്നും അവ യാഥ്യാർഥ്യമാകുന്നതിനുള്ള പ്രവർത്തനങ്ങളിക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഷിജി പറഞ്ഞു. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഐപ്പ് വർഗീസ് നന്ദി രേഖപ്പെടുത്തി. അല കഴിഞ്ഞ വർഷം കലാ സാസംസ്കാരിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും പൊതു സേവന രംഗത്ത് നടത്തിയ ഇടപെടലുകളും അമേരിക്കക്ക് പുറമേ കേരളത്തിലും വലിയ ചർച്ചയായിരുന്നു. അല അക്കാദമി, അല സ്കോളർഷിപ്പ്, അല കെയർ എന്നീ പരിപാടികൾ നല്ല പങ്കാളിത്തത്തോടെയാണ് മുന്നോട്ട് പോകുന്നത്. അലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കേരള സർക്കാരിന്റെ പൂർണ സഹകരണമുണ്ടാകുമെന്ന് പല തവണയായി സർക്കാർ പ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചിട്ടുമുണ്ട്. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തി ഇനിയും മികച്ച പരിപാടികളോടെ മുന്നോട്ട് പോകാനാണ് അല നേതൃത്വത്തിന്റെ തീരുമാനമെന്ന് പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു.
റിപ്പോർട്ട് : Anupama Venkitesh