തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 2023 മേയില്‍ ആദ്യ കപ്പലടുക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കപ്പലായിരിക്കും ഇത്. 2023 ഒക്ടോബറോടെ തുറമുഖത്തെ ബെര്‍ത്ത് ഓപ്പറേഷന്‍ പൂര്‍ണ തോതിലാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം ഡിസംബറില്‍ വിഴിഞ്ഞത്തെ 220 കെ.വി. സബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. 2022 മാര്‍ച്ചില്‍ ഗേറ്റ് കോംപ്ലക്‌സും സെപ്റ്റംബറില്‍
വര്‍ക് ഷോപ്പ് കെട്ടിടങ്ങളും തുറന്നുകൊടുക്കാനാകും. തുറമുഖ നിര്‍മാണത്തിനുള്ള പാറയുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 80 ലക്ഷം മെട്രിക് ടണ്‍ പാറയാണ് ആകെ ആവശ്യമായിട്ടുള്ളത്. ഇതില്‍ 30 ലക്ഷം മെട്രിക് ടണ്‍ ഇതിനോടകം ലഭിച്ചു. 12 ലക്ഷം മെട്രിക് ടണ്‍ പാറ കടലില്‍ നിക്ഷേപിച്ചുകഴിഞ്ഞു. 18 മെട്രിക് ടണ്‍ പദ്ധതി പ്രദേശത്തു സംഭരിച്ചിട്ടുണ്ട്. ഇവ കടലില്‍ നിക്ഷേപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം നടക്കുകയാണ്. ഇതിനായി അഞ്ചു ബാര്‍ജുകള്‍ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി(വിസില്‍) ഉദ്യോഗസ്ഥര്‍, അദാനി കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ രണ്ടാഴ്ചയിലും പുരോഗതി സംബന്ധിച്ച അവലോകന യോഗങ്ങള്‍ ചേരും.