പെറ്റ് ഷോപ്പുകള്‍ക്കു ലൈസന്‍സ് നിര്‍ബന്ധമാക്കും : മന്ത്രി ജെ. ചിഞ്ചുറാണി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അരുമ മൃഗങ്ങളേയും പക്ഷികളേയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ (പെറ്റ്‌ഷോപ്പുകള്‍) പ്രവര്‍ത്തനത്തിനു ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇതു സംബന്ധിച്ച കേന്ദ്ര നിയമം കര്‍ശനമായി നടപ്പാക്കും. പെറ്റ്‌സ് ഷോപ്പ്, ഡോഗ് ബ്രീഡിങ് സ്ഥാപന ഉടമസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ജില്ലാതലത്തില്‍ ബോധവത്കരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പുനഃസംഘടിപ്പിച്ച സ്റ്റേറ്റ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി എല്ലാ ജില്ലകളിലും സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സിന്റെ (എസ്.പി.സി.എ.) പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലാതല എസ്.പി.സി.എ. മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി ജില്ലാ കളക്ടറേയും ഉള്‍പ്പെടുത്തും. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരവും അനുമതിയും ലഭിച്ച സ്ഥാപനങ്ങളില്‍നിന്നു താത്പര്യപത്രം ക്ഷണിച്ച് തെരുവു നായ്ക്കളില്‍ വന്ധീകരണ പദ്ധതി നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കും. ഹൈക്കോടതി വിധിയനുസരിച്ച് തെരുവു നായ്ക്കളെ സംരക്ഷിക്കുന്നതിനായി അനിമല്‍ ഷെല്‍ട്ടര്‍, അനിമല്‍ അഡോപ്ഷന്‍, ഫീഡിങ് പോയിന്റ് എന്നിവ നടപ്പാക്കുന്നതിനും വകുപ്പിനോടു ശുപാര്‍ശ ചെയ്യും.മൃഗസംരക്ഷണ വകുപ്പിന്റെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വെറ്ററിനറി സര്‍ജന്‍മാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ജന്‍മാരെ നിയമിക്കും.

പെറ്റ് ഷോപ്പ് നിയമങ്ങള്‍ സംബന്ധിച്ച കൈപ്പുസ്തകം വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പ്രകാശനം ചെയ്തു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശികനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *