കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കും: കേന്ദ്ര വ്യോമയാന മന്ത്രി

Spread the love

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മന്ത്രി വി. അബ്ദുറഹിമാനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിക്കുന്നതിനാണ് സംസ്ഥാനത്തെ ഹജ്ജ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ചത്.

2020 ആഗസ്റ്റില്‍ നടന്ന വിമാനാപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിമാനത്താവളത്തിന്റെ വരുമാനത്തെ വലിയതോതില്‍ ബാധിച്ചു. കോഴിക്കോടിനെ ഈ വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കുക പ്രയാസമാണെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഈ വര്‍ഷം തല്‍ക്കാലം പരിഗണിക്കണമെന്ന നിര്‍ദ്ദേശത്തോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചു. കണ്ണൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വീസിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വലിയ വിമാനങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.കോഴിക്കോട് വിമാനത്താവള വികസനം നടപ്പാക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവെച്ചു. അതിനായി 284 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇക്കാര്യവും പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെയും മന്ത്രി വി അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ 80 ശതമാനം ഹജ്ജ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിശ്ചയിക്കണമെന്ന് നഖ്വിയോട് ആവശ്യപ്പെട്ടു. ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നത് കോഴിക്കോട്ടാണ്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് കോഴിക്കോട്ടുള്ളത്. അതിനാല്‍ കോഴിക്കോടിനെ സ്ഥിരം എംബാര്‍ക്കേഷന്‍ പോയിന്റായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *