പ്രളയാതിജീവന വീട്‌നിര്‍മാണത്തിന്റെ മണ്‍ട്രോതുരുത്ത് മാതൃക

Spread the love

കൊല്ലം: നിരന്തരമായി വെള്ളപ്പൊക്കം ഭീഷണിയാകുന്ന പ്രദേശങ്ങള്‍ക്കായി നടത്തിയ പുതുപരീക്ഷണങ്ങള്‍ ലക്ഷ്യം കാണുന്നു. കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്തില്‍ നിര്‍മിച്ച സ്ഥലജലസമ്മിശ്ര (ആംഫിബിയന്‍) അതിജീവന വീടാണ് രണ്ട് വര്‍ഷം പിന്നിടുമ്പോഴും സുരക്ഷിതമായി തുടരുന്നത്. പ്രദേശവാസികളുടെ തീരാദുരിതം മുന്നില്‍ക്കണ്ടാണ് ഇങ്ങനെയൊരു ആശയം ഇന്നത്തെ ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുന്നോട്ട് വച്ചത്. ആര്‍ക്കിടെക്റ്റ്‌സ് അസോസിയേഷന്‍ പദ്ധതി ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. സുരക്ഷിത താമസം ഉറപ്പാക്കുന്ന വേറിട്ട നിര്‍മാണ രീതി ഫലം കാണുന്നതിന് വീട്ടുകാരായ പൂപ്പാണി ശ്രീലേഖ ഭവനില്‍ ഗോപിനാഥനും ഭാര്യ ജഗദമ്മയും സാക്ഷ്യം.
36 വര്‍ഷം ദുരിതങ്ങളിലൂടെ തുടര്‍ന്ന ജീവിതം പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മാറിയിരിക്കുന്നു. ഉപ്പുകാറ്റും ഈര്‍പ്പവും നിറഞ്ഞ അന്തരീക്ഷത്തിലും സ്വസ്ഥജീവിതം നയിക്കുകയാണ് ഈ കുടുംബം. വേലിയേറ്റവും വെള്ളപ്പൊക്കവുമെല്ലാം തരണം ചെയ്യാന്‍ പാകത്തിലുള്ള നിര്‍മാണ രീതിയാണ് വീടിന്റെ സവിശേഷതയും സുരക്ഷയും.

പരിസ്ഥിതി സൗഹൃദ നിര്‍മാണരീതിയാണ് വീടിന്റേത്. ഭാരം കുറഞ്ഞ കട്ടകളും മെറ്റല്‍ ഷീറ്റുകളുമാണ് ഉപയോഗിച്ചത്. 380 ചതുരശ്രഅടി നീളമുണ്ട്. തറനിരപ്പില്‍ നിന്ന് നാല് അടിയോളം ഉയരവും. വെള്ളം കയറുമെന്ന ഭീഷണി ഒഴിവാകുന്ന നിര്‍മാണ രീതി മറ്റ് മേഖലകളിലേക്കും പരീക്ഷിക്കാമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. മഴക്കെടുതിയില്‍ അകപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെയാണ് മന്ത്രി വീടു സന്ദര്‍ശിച്ചതും വിജയകരമെന്ന് കണ്ട സ്വന്തം ആശയത്തിന്റെ പ്രായോഗികത സംബന്ധിച്ച് വിലയിരുത്തിയതും. വെള്ളം കയറുമ്പോള്‍ ശുചിമുറി മാലിന്യം കൂടിക്കലരുന്നത് ഒഴിവാക്കാനും പുതുനിര്‍മാണരീതി പ്രയോജനപ്പെടുമെന്നാണ് ബോധ്യമായത്. ദുരിതങ്ങള്‍ക്ക് പരിഹാരമാകുമെങ്കില്‍ ഇതേ സംവിധാനം താഴ്ന്ന പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *