വാഷിംഗ്ടണ്‍ ഡിസി: യുഎസ്സില്‍ കുതിച്ചുയരുന്ന ഗ്യാസിന്റെ വില നിയന്ത്രിക്കുന്നതിന് ഫെഡറല്‍ റിസര്‍വ്വിലുള്ള ഓയില്‍ ശേഖരത്തില്‍ നിന്നും 50 മില്യണ്‍ ബാരല്‍ വിട്ടുനല്‍കുമെന്ന് പ്രസിഡന്റ് ബൈഡന് പ്രഖ്യാപിച്ചു. നവംബര്‍ 23 ചൊവ്വാഴ്ചയാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജന്‍സാക്കി പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ പൊതു ഗ്യാസ് വിലയില്‍ നിന്നും ഈ വര്‍ഷം 50% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ ശരാശരി ഒരു ഗ്യാലന് ഗ്യാസിന്റെ വില 3.50 ഡോളറാണ്.
ഇപ്പോള്‍ വിട്ടു നല്കുന്ന 50 മില്യണ്‍ ബാരല്‍ ക്രൂഡ്ഓയില്‍ ആഗോള വിപണിയില്‍ ഗ്യാസിന്റെ വില കുറക്കുന്നതിന് ഇടയാക്കും. കൂടുതല്‍ ഗ്യാസ് ഉപയോഗിക്കുന്ന ഇന്ത്യാ യുണൈറ്റഡ് കിംഗ്ഡം, ചൈന എന്നീ രാജ്യങ്ങളിലെ പെട്രോളിയം ഉല്പന്നങ്ങളുടെ വിലയും ഇതോടെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് യുഎസ് അധികൃതര്‍ കരുതുന്നത്.
ഫെഡറല്‍ ഗവണ്മെന്റ് പ്രഖ്യാപനം വന്നതോടെ അമേരിക്കയില്‍ ഗ്യാസിലെ വിലയില്‍ കുറവനുഭവപ്പെടുന്നുണ്ട്. 50 മില്യണ്‍ ബാരല്‍ എന്നതു 70 മുതല്‍ 80 ബില്യണ്‍ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രഖ്യാപനം വന്നതോടെ ഇന്ത്യ ഗവണ്മെന്റും സ്റ്റോക്കില്‍ നിന്നും 5 മില്യണ്‍ ബാരല്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചു. ബ്രിട്ടീഷ്, ജപ്പാന്, സൗത്ത് കൊറിയ എന്നീ രാഷ്ട്രങ്ങളും കരുതല്‍ ശേഖരത്തില്‍ നിന്നും ഓയില്‍ വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്യാസിന് വില ഉയര്‍ന്നതോടെ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം നിത്യോപയോഗ സാധനങ്ങളുടെ വിലയും ഓരോ ദിവസവും യുഎസ്സില്‍ വര്‍ധിച്ചു വരികയാണ്. ബൈഡന് ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് ഓയില്‍ വില വര്‍ധിക്കാന്‍ ഇടയാക്കിയതെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരോപിച്ചു.