ആലുവായില്‍ നിയമവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് തള്ളിവിട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം നടത്തിയ ബെന്നി ബെഹനാന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, റോജി എം ജോണ്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കെപിസിസി നേതൃക്യാമ്പ് പ്രമേയം പാസാക്കി. ജനകീയ സമരങ്ങളുടെമേല്‍ ക്രൂരമായ പോലീസ് മുറ പ്രയോഗിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളെ ശക്തമായി അപലപിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പ്രമേയം അവതരിപ്പിച്ചു.
കെപിസിസി ഭാരവാഹികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ക്കുമായി നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയുടെ സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കൃത്യമായ ദിശാബോധം നല്‍കി മുന്നോട്ട് നയിക്കാന്‍ പ്രാപ്തമായ നേതൃനിരയാണ് കെപിസിസിക്കുള്ളതെന്ന് കെ.സുധാകരന്‍ പറഞ്ഞു.സംഘടാനതലത്തില്‍ അടിമുടി മാറ്റത്തിന് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ വഴിയൊരുക്കും. സമീപകാലത്ത് പാര്‍ട്ടി പരിപാടികളില്‍ ഒഴുകിയെത്തുന്ന ജനക്കൂട്ടം അതിനു തെളിവാണെന്നും സുധാകരന്‍ പറഞ്ഞു.
പ്രദേശികതലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടന്നു. കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികള്‍ പ്രാദേശികതലത്തില്‍ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വും ഉന്‍മേഷവും പ്രദാനം ചെയ്യുന്നുണ്ടെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. നിലവില്‍ പ്രവര്‍ത്തിക്കുന്ന സിയുസികളുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി.സിദ്ധിഖ് എംഎല്‍എ തുടങ്ങിയവര്‍ ക്യാമ്പില്‍ പ്രസംഗിച്ചു.