സി ഐയുടെ സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസിന്റെ വിജയം: കെ സുധാകരന്‍ എംപി

Spread the love

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത് കോണ്‍ഗ്രസിന്റെ ഉജ്ജ്വല പോരാട്ടത്തെ തുടര്‍ന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ആരോപണ വിധേയനായ സിഐയെ ആദ്യം തന്നെ സസ്‌പെന്‍ന്റ് ചെയ്യാനുള്ള വിവേകം സര്‍ക്കാര്‍ കാട്ടണമായിരുന്നു. വൈകിയെങ്കിലും സി ഐയെ സസ്‌പെന്‍ന്‍് ചെയ്ത നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. എവിടെ നീതി നിഷേധിക്കപ്പെടുന്നുവോ അവിടയൊക്കെ കോണ്‍ഗ്രസ് പോര്‍മുഖം തുറക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നും സുധാകരന്‍ പറഞ്ഞു.

സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം ജലപീരങ്കിയും ഗ്രനേഡും ലാത്തിചാര്‍ജും നടത്തി തകര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ പോലീസ് ശ്രമിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ ആവേശോജ്വല പോരാട്ടത്തിന് ശേഷം ലഭിച്ച വിജയമാണ് സി ഐയുടെ സസ്‌പെന്‍ഷന്‍.
അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം.സമരത്തിന് നേതൃത്വം നല്‍കിയ ആലുവ എംഎല്‍എകൂടിയായ അന്‍വര്‍ സാദത്ത്, എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, റോജി എം ജോണ്‍ എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികളെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരെയും കെപിസിസി പ്രത്യേകം അഭിനന്ദിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് സിഐയ്ക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇയാളെ പോലീസ് ആസ്ഥാനത്ത് നിയമനം നല്കി പിണറായി സര്‍ക്കാര്‍ ആദരിക്കുകയാണു ചെയ്തത്. സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് പ്രഹസന അന്വേഷണം നടത്തി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് തുനിഞ്ഞത്. പോലീസിലെ ക്രിമനലുകള്‍ക്കെതിരെ പോലീസ് തന്നെ അന്വേഷിച്ചാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ല.പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുമ്പോള്‍ സംരക്ഷിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സുധാകരന്‍ പറഞ്ഞു.

സ്ത്രീസുരക്ഷ പറഞ്ഞ് സിപിഎം അധികാരത്തിലെത്തിലേറിയ ശേഷം സ്ത്രീസുരക്ഷ കാറ്റില്‍പ്പറത്തി. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനം മുഖ്യമന്ത്രി ഓര്‍ക്കുന്നത് നല്ലതാണ്. സ്ത്രീകളും പെണ്‍കുട്ടികളും പീഡിക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി മൗനം ഭജിക്കുകയാണ്. വാതുറന്നാല്‍ ന്യായീകരിച്ച് അപകടത്തിലാകുമെന്ന ബോധ്യം മുഖ്യമന്ത്രിക്ക് ഉള്ളത് കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറാകാത്തത്.

മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസന്വേഷണം നീതിപൂര്‍വ്വമായിരിക്കണം. ജനങ്ങളുടെ സോഷ്യല്‍ ഓഡിറ്റിംഗ് ഈ കേസിലുണ്ടാകും. കുറ്റക്കാരെ സംരക്ഷിക്കാനായി അന്വേഷണത്തില്‍ വെള്ളം ചേര്‍ത്താല്‍ മൊഫിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് വീണ്ടും പ്രക്ഷോഭം നടത്തുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *