ഡാലസിൽ സ്വന്തമായി ഡോളർ സ്റ്റോർ നടത്തിവന്നിരുന്ന അന്പത്തിയഞ്ചുകാരനായ സാജൻ മാത്യൂസ് വ്യാപാര രംഗത്തു കാലുറപ്പിക്കുന്നതിനു മുൻപ് തന്റെ കടയുടെ മുൻപിൽ വെച്ചു ഒരു പതിനഞ്ചു വയസ്സുകാരന്റെ തോക്കിൽ നിന്നും ചീറിപ്പാഞ്ഞ വെടിയുണ്ടയേറ്റ് ഈയിടെ മരിച്ച സംഭവം മലയാളി സമൂഹം ഉൾപ്പെടെയുള്ള എല്ലാവരിലും വലിയൊരു ഞെട്ടൽ ഉളവാക്കിയിരുന്നു.
ഭാര്യയും അടുത്തിടെ വിവാഹിതയായ ഒരു മകൾ ഉൾപ്പെടെ രണ്ടു പെണ്മക്കളുള്ള സന്തുഷ്ട കുടുമ്പത്തിൻറെ അമരക്കാരനായിരുന്നു സാജൻ . ഇതിനോടനുബന്ധിച്ച് വിവിധ കോണുകളിൽനിന്നും ഉയർന്ന ഒരു ചോദ്യമാണ് ഞാൻ തലവാചകമായി ചേർത്തിരിക്കുന്നത് .”എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു.”ഇതു ഒരു ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം പരിമിതപ്പെടുത്തേണ്ടതില്ല അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിക്കുന്ന തിരിച്ചടികളുടെ മുൻപിലും ഇതേ ചോദ്യങ്ങൾ പലരും ചോദികുന്നത് കേൾക്കാൻ അവസരം ലഭിച്ചിട്ടുണ്ട് .
അമേരിക്കയിലെ സുപ്രധാന ആഘോഷങ്ങളിൽ ഒന്നാണ് താങ്ക്സ്ഗിവിങ് ഡേ. അതിനു തൊട്ടടുത്ത ദിവസം രാവിലെ ഒരു അടുത്ത സ്നേഹിതനുമായി സംസാരി ച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യ ദുഃഖവും മാനസീക സംഘർഷവും ഞാനുമായി പങ്കിടുന്നതിനിടയായി.
നാലു പതീറ്റാണ്ടു മുൻപാണ് ഭൂമിയിലെ പറുദീസയെന്നു പരക്കെ അറിയപ്പെട്ടിരുന്ന അമേരിക്കയിൽ എത്തിചേരാൻ ഭാഗ്യം ലഭിച്ചത് ..കാര്യമായ വിദ്യാഭ്യാസ യോഗ്യതയോ ,സാങ്കേതിക പരിജ്ഞാനമോ ഇല്ലാതിരുന്ന താനും ഭാര്യയും രാത്രിയും പകലും കഠിനാദ്ധ്വാനം ചെയ്താണ് മക്കളെ വളർത്തിയത്.അവർക്കു നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനും ദൈവീക വഴികളിലൂടെ നയിക്കുന്നതിനും കഴിവിന്റെ പരമാവധി ആത്മാര്ത്ഥമായി ശ്രമിക്കുകയും ചെയ്‌തിരുന്നു .ഇന്നു അവർ വലുതായി സ്വന്തം കാലിൽ നിൽക്കാം എന്ന അവസ്ഥയിൽ എത്തിയപ്പോൾ ഭൂതകാലം മറന്ന് അവർ അവരുടെ സ്വന്തം വഴി തിരഞ്ഞെടുത്തിരിക്കുന്നു.അതിനു അവർക്കു അവരുടേതായ ന്യായവാദങ്ങൾ നിരത്താനുമുണ്ട് .
ശത്രുക്കൾ പോലും പരസ്പരം അഭിവാദ്യങ്ങൾ അർപ്പിക്കുന്ന താങ്ക്സ് ഗിവിങ് ഡേ സുദിനത്തിൽ മക്കളിൽ ഒരാൾ പോലും പ്രായമായ ഞങ്ങളെ തിരിഞ്ഞു നോക്കുകയോ വിളിക്കുകയോ ചെയ്തില്ല എന്നു ഗദ്‌ഗദത്തോടെ പറഞ്ഞു നിർത്തിയപ്പോൾ ആമുഖത്തു പ്രതിഫലിച്ച. ഭാവ ഭേദങ്ങളും കണ്ണിൽ നിറഞ്ഞു തുളുംബിയ കണ്ണീർ കണങ്ങളും മനസിൽ നീറി പുകയുന്ന വേദന എത്ര ആഴമേറിയതാന്നു എന്നു പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഇത്തരം അതി വേദനാജനകമായ സംഭവങ്ങളുടെ മധ്യത്തിലും , .നമ്മുടെ പ്രിയപ്പെട്ടവർ ആരെയെങ്കിലും ഏതെങ്കിലും അത്യാഹിതത്തിൽ കൂടെയോ, രോഗം മൂലമോ മറ്റേതെങ്കിലും ദുരന്ത സംഭവത്തിലൂടെയോ മരണം നമ്മിൽ നിന്നും അപഹരികുമ്പോൾ നാം സങ്കടത്തിൽ മുഴുകി പോവുകയും എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചു പോവുകയും ചെയ്യുന്നത് സ്വാഭാവികമാണ് .അതിൻറെ രഹസ്യം പൂർണമായും ഉടൻ നമുക്ക് വെളിപ്പെട്ട് കിട്ടിയില്ലെങ്കിലും ചിലപ്പോൾ നമ്മുടെ ചോദ്യത്തിന് ഭാഗികമായ ഒരു മറുപടി എങ്കിലും ദൈവം നൽകാതിരിക്കില്ല.
ഞാൻ വായിച്ച ഒരു സംഭവ കഥ ഇതിനോടൊപ്പം ചേർക്കുന്നത് യുക്തമാണെന്നു തോന്നുന്നു.
ജോസഫീന എന്ന യുവതിയായ ഒരു മാതാവ് പുറത്തുപോയി വീട്ടിലേക്ക് മടങ്ങി വന്നത് ഓമന മകന്റെ അതി ഭീകരമായ മരണം കണ്ടുകൊണ്ടായിരുന്നു. കുട്ടൻ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ആ കൊച്ചു കുട്ടി അമ്മ വരുന്നത് കണ്ടുകൊണ്ട് വീടിനുള്ളിൽ നിന്നും കാർപോർച്ച് മുകളിലുള്ള ടെറസിലേക്ക് ഓടിക്കയറി. ആ ടെറസിനു ചുറ്റും ഉണ്ടായിരുന്ന കൈവരി പിടിച്ചുകൊണ്ട് മുന്നോട്ട് ആഞ്ഞു .പെട്ടെന്ന് കാൽ വഴുതി കൈവരിയുടെ മുകളിലൂടെ തറയിലേക്ക് മറിഞ്ഞു വീണ് ആ കുട്ടി നിമിഷ നേരത്തിനുള്ളിൽ അതി ദയനീയമായി മൃതിയടഞ്ഞു.
മകന്റെ ആകസ്മീക മരണത്തോടെ ജീവിതമാകെ തകർന്ന് തരിപ്പണമായി എന്ന് കരുതി അല്പം ആശ്വാസം ലഭിക്കുന്നതിന് വേണ്ടി അവർ അയൽപക്കത്തുള്ള ഒരു സ്ത്രീയെ സമീപിച്ചു. നല്ലൊരു ഈശ്വര വിശ്വാസിയായിരുന്നു അവർ പറഞ്ഞു, സഹോദരി നിങ്ങളുടെ സ്നേഹ ഭാജനമായിരുന്ന കുഞ്ഞിനെ നിങ്ങളിൽ നിന്നും എടുത്തുകളഞ്ഞു എന്നത് ശരിതന്നെ .എന്നാൽ നിങ്ങളുടെ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന അനാഥരായ എത്രയെത്ര കുഞ്ഞുങ്ങൾ നിനക്ക് ചുറ്റും കാണുമെന്നു ചിന്തിക്കുക..
ഈ വാക്കുകൾ ജോസഫീനയുടെ ജീവിതത്തെ വലിയ സാമൂഹിക സേവനത്തിനും ക്രിസ്തീയ ശുശ്രൂഷയുടെ പാതയിലേക്ക് തിരിക്കുന്നതിനും അനേകായിരങ്ങൾക്ക് ആശ്വാസവും സമാധാനവും ലഭിക്കുന്നതിന് മുഖാന്തമായിത്തീർന്നു. ജോസഫീനയുടെ ജീവിതം അനേകായിരങ്ങൾക്ക് അനുഗ്രഹം ആയിത്തീരുന്നതിന് വേണ്ടിയായിരിക്കും അവളുടെ കുഞ്ഞു കുട്ടനെ ദൈവത്തിങ്കിലേക്ക് വിളിച്ചുചേർത്തതെന്നു കരുതുന്നതിൽ എന്താണ് തെറ്റു.
ഇയ്യോബിനെ നേരിട്ട് നഷ്ടങ്ങൾ അതിഭയങ്കരം ആയിരുന്നു എന്നാൽ ആ വലിയ യാതനയുടെ ഫലമായി ദൈവത്തെ കുറെക്കൂടെ അടുത്തറിയുന്നതിനും മക്കൾ ഉൾപ്പെടെ നഷ്ടപെട്ടതെല്ലാം തിരികെ ലഭിക്കുന്നതിനും പതിന്മടങ്ങു അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും തനിക്കു സാധിച്ചു . ലക്ഷോഭി ലക്ഷങ്ങൾക്ക് അവരുടെ പരിശോധനകളിൽ സഹായകരമായ തീർന്നിട്ടുള്ള തിരുവചന ഭാഗം രൂപം പ്രാപിച്ചതും അത് മുഖാന്തരം ആയിരുന്നുവല്ലോ.
നമ്മുടെ ജീവിതത്തിൽ വലിയ നഷ്ടങ്ങൾ വല്ലതും നേരിടുന്നുണ്ടെങ്കിൽ അതിനു പൂർണമായ ഒരു വിശദീകരണം ലഭിച്ചില്ലായെങ്കിലും അത് വഹിച്ചും സഹിച്ചും മുൻപോട്ടു പോകുവാൻ ദൈവം നമ്മെ ശക്തീകരിക്കും എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു ദൈവമേ എന്ന് നമ്മൾ ചോദിക്കണം എന്ന് തന്നെയായിരിക്കും ദൈവം ആഗ്രഹിക്കുന്നത്. തന്റെ ഹിതത്തിനു വഴങ്ങാനുള്ള മനസ്സോടെ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ആവശ്യമായ മറുപടി ലഭിക്കുക തന്നെ ചെയ്യും പലപ്പോഴും വലിയ വിജയത്തിനു മുൻപിൽ വലിയ പരിശോധനകൾ ഉണ്ടായേക്കാം.അതിൽ പതറി പോകുന്നവരായിട്ടല്ല മറിച്ചു അതിനെ അഭിമുഘീകരിച്ചു വിജയപൂർവം തരണം ചെയുന്നതിനായിരിക്കണം നാം ശ്രദ്ധ ചെലുത്തേണ്ടതും ക്രപാസനത്തിനടുക്കൽ വരേണ്ടതും…