മലപ്പുറം: മലപ്പുറം ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളും ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികള്‍ക്ക് സ്‌കില്‍ അപ്പ്ഗ്രേഡേഷന്‍ നല്‍കി തൊഴിലുകള്‍ സൃഷ്ടിക്കാനാണ് സര്‍കകാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ അന്വേഷകരായല്ല, മറ്റുള്ളവര്‍ക്ക് തൊഴില്‍ദാതാക്കളായി കുട്ടികളെ മാറ്റിയെടുക്കാന്‍ പരിശ്രമം നടത്തണം. കുട്ടികളുടെ സംരംഭക ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.പുതുതായി ആരംഭിച്ച എം.എസ്.സി സ്റ്റാറ്റസ്റ്റിക്‌സ് കോഴ്‌സിന്റെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വഹിച്ചു. കോളജില്‍ നടന്ന പരിപാടിയില്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ മുഖ്യാതിഥിയായി. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി.
‘പോരിശ’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്. 5.22 കോടി ചെലവില്‍ കോളജില്‍ നിര്‍മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 1972 ലാണ് ജില്ലയില്‍ ആദ്യമായി സര്‍ക്കാര്‍ കോളജ് ആരംഭിക്കുന്നത്. കോട്ടപ്പടി താലൂക്ക് ആശുപത്രി കെട്ടിടത്തിലായിരുന്നു ആദ്യം കോളജ് പ്രവര്‍ത്തിച്ചിരുന്നത്. തുടക്കത്തില്‍ പ്രീഡിഗ്രി ബാച്ചുകളും എക്കണോമിക്‌സ്, അറബിക്, ബികോം ബിരുദ കോഴ്‌സുകളുമാണുണ്ടായിരുന്നത്. 1980ല്‍ സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന മുണ്ടുപറമ്പിലെ കെട്ടിടത്തിലേക്ക് കോളജ് പ്രവര്‍ത്തനം ആരംഭിച്ചു. ഒമ്പത് ബിരുദ കോഴ്‌സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്‌സുകളുമായി 1,986 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കോളജ് ആദ്യകാല പ്രിസിപ്പല്‍ പ്രൊഫ.മുഹമ്മദുണ്ണി മാസ്റ്ററെ ആദരിച്ചു.
കോളജില്‍ നടന്ന പരിപാടിയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് യു.അബ്ദുള്‍ കരീം, കിറ്റ്‌കോ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, പൂര്‍വ അധ്യാപക പ്രതിനിധി പി.കെ.അബൂബക്കര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍, അധ്യാപക സംഘടന പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍, കോളജ് പ്രിന്‍സിപ്പല്‍ കെ.കെ.ദാമോദരന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.സുലൈമാന്‍, കോളജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.