പത്തനംതിട്ട കെഎസ്ആര്‍ടിസി ശബരിമല ഹബ് പ്രവര്‍ത്തനം ആരംഭിച്ചു

Spread the love

അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്പത്തനംതിട്ട: കോവിഡ്, പ്രളയം, ശക്തമായ മഴ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും തീര്‍ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തന ഉദ്ഘാടനം പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. മറ്റു ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്പയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടു മണിക്കൂര്‍ സമയം വിശ്രമിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് പത്തനംതിട്ട-പമ്പ കണക്ട് ബസുകളില്‍ യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.പത്തനംതിട്ട കെഎസ്ആര്‍ടിസി ഹബില്‍ 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും. ദീര്‍ഘദൂര സ്ഥലങ്ങളില്‍നിന്ന് പത്തനംതിട്ട ഹബ് മുഖേന കെഎസ്ആര്‍ടിസി ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം. എന്നാല്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് വരുന്ന ബസുകളിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ നേരിട്ട് അതേബസില്‍ തന്നെ പമ്പയിലേക്ക് പോകാന്‍ കഴിയും. ഹബില്‍നിന്ന് പമ്പയിലേക്ക് പോകുന്ന ബസുകള്‍ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി മറ്റെവിടെയും നിര്‍ത്തുകയില്ല. ആവശ്യമെങ്കില്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസുകളും പത്തനംതിട്ടയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യും.

Author

Leave a Reply

Your email address will not be published. Required fields are marked *