എല്ലാ പഞ്ചായത്തിലും ശുദ്ധജലം ലഭ്യമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഹരിത കേരളം മിഷന്റെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ജലഗുണ പരിശോധന ലാബുകളുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജലം വീടുകളില്‍ എത്തിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആരോഗ്യ മേഖലയ്ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മാലിന്യങ്ങളുടെ വര്‍ദ്ധനവ് ജലജന്യ രോഗങ്ങളുടെ വളര്‍ച്ചയ്ക്ക് ഒരു പരിധി വരെ കാരണമായിട്ടുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യതയിലുണ്ടായ മാറ്റവും വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് കെമിസ്ട്രി ലാബുള്ള ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ജലഗുണ പരിശോധന ലാബുകള്‍ അനുവദിച്ചത്. 5 നിയോജക മണ്ഡലങ്ങളിലായി 35 സ്‌കൂളുകളില്‍ ആരംഭിച്ചിട്ടുണ്ട്. പ്രഥമികമായി 600 പരിശോധനാ കിറ്റ് ഓരോ സ്‌കൂളിനും നല്‍കിയിട്ടുണ്ട്. ഈ ലാബുകളില്‍ എത്തി ആളുകള്‍ക്ക് തങ്ങളുടെ കിണറ്റിലെയോ കുളത്തിലെയോ ജലം പരിശോധിക്കാം. വകുപ്പ് തലത്തില്‍ ഈ പദ്ധതിയ്ക്ക് വേണ്ടുന്ന പ്രാധാന്യം നല്‍കും. കൂടാതെ രണ്ടാം ഘട്ടമായി ജില്ലയില്‍ കെമിസ്ട്രി ലാബുള്ള എല്ലാ ഹൈസ്‌കൂളുകളിലും- ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ലാബുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി.എസ് മധു പദ്ധതി വിശദീകരിച്ചു.

Leave Comment