അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള ഫോക്കസ് ഗ്രൂപ്പ് യോഗങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം

Spread the love

തൃശൂര്‍: സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിര്‍ണായക ഫോക്കസ് ഗ്രൂപ്പ് യോഗങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. പദ്ധതിയില്‍ ഉള്‍പ്പെടേണ്ടവരുടെ വാര്‍ഡ് തല പട്ടിക തയ്യാറാക്കുന്ന ഫോക്കസ് ഗ്രൂപ്പ് യോഗങ്ങളാണ് ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ ചേര്‍ന്നത്.
സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകരുടെയും കുടുംബശ്രീ, അയല്‍ക്കൂട്ടം പ്രതിനിധികളുടെയും പ്രത്യേകം ഫോക്കസ് ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് വാര്‍ഡ്- ഡിവിഷന്‍ തലങ്ങളില്‍ ആദ്യഘട്ട പട്ടിക തയ്യാറാക്കുന്നത്. വാര്‍ഡ് ജനപ്രതിനികള്‍, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, നേരത്തെ പരിശീലനം പൂര്‍ത്തിയാക്കിയ എന്യൂമറേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഫോക്കസ് ചര്‍ച്ചയിലൂടെ തയ്യാറാക്കിയ അതിദരിദ്രരുടെ വാര്‍ഡ് തല പട്ടിക ഇന്ന് (നവംബര്‍ 29) ചേരുന്ന വാര്‍ഡ് തല സമിതികള്‍ പരിശോധിച്ച് അന്തിമമാക്കും. ഫീല്‍ഡ് തലത്തില്‍ വിവര ശേഖരണം നടത്തുന്നതിനാവശ്യമായ അന്തിമ പട്ടികയാണ് വാര്‍ഡ്- ഡിവിഷന്‍ തലത്തില്‍ തയ്യാറാക്കുക.കയ്പമംഗലംജില്ലയിലെ അതിദരിദ്രരെ കണ്ടെത്താനുള്ള ഫോക്കസ് ഗ്രൂപ്പ് യോഗത്തിന്റെ കയ്പമംഗലം മണ്ഡലതല ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. പെരിഞ്ഞനത്ത് വിവിധ വാര്‍ഡുകളില്‍ നടന്ന ഫോക്കസ് ചര്‍ച്ചകളില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ കെ ബേബി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ഷീന എന്നിവര്‍ സംസാരിച്ചു. കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂര്‍ മണ്ഡലതല ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ നഗരസഭ മൂന്നാം വാര്‍ഡില്‍ അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ചര്‍ച്ചകളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം യു ഷിനിജ, വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ കളരിക്കല്‍, നഗരസഭ സെക്രട്ടറി, കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെയും നഗരസഭയുടെയും കീഴിലുള്ള എല്ലാ വാര്‍ഡുകളിലും സാമൂഹിക സംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *