കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണന്‍

Spread the love

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗ ബാധിതര്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തരാക്കിയാല്‍ മാത്രമേ അനീമിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാന്‍ കഴിയുവെന്നും പട്ടികജാതി-പട്ടികവര്‍ഗ – ദേവസ്വം- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശിശു മരണം, സിക്കിള്‍ സെല്‍ അനീമിയ എന്നീ രോഗങ്ങളുടെ പശ്ചാത്തലത്തില്‍ അഗളി കിലയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കുട്ടികളുടെ ഐ.സി.യു. ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കുറവുള്ള പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും നഴ്സുമാരുടെയും ഒഴിവുകള്‍ നികത്തും. ഇതിനുള്ള ചെലവ് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് വഹിക്കും. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയെ 100 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തും. അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ രണ്ടുവര്‍ഷത്തിനകം തീര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സിക്കിള്‍സെല്‍ അനീമിയ രോഗത്തിനെതിരെ വ്യാപകമായ ബോധവത്കരണം നടത്തണം. സിക്കിള്‍ സെല്‍ അനീമിയ രോഗത്തിന് ലോകത്തെവിടെയും മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ബോധവത്ക്കരണത്തിലൂടെ മാത്രമെ പ്രതിരോധിക്കാന്‍ കഴിയൂ. കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് അടിയന്തരമായി ചികിത്സ ഉറപ്പാക്കണം. ഒരു കുട്ടിക്ക് പോലും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം അട്ടപ്പാടിയില്‍ ഉണ്ടാവരുത്. അട്ടപ്പാടിയുടെ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കൂടാതെ, അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കും. ഇവര്‍ മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരും. അട്ടപ്പാടി നേരിടുന്ന പ്രശ്നങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ സമിതിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *