വിവിധ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ്

Spread the love

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍. വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചത്.
സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ഡോ. വിനോദ് കുമാര്‍ പോള്‍ അഭിനന്ദിച്ചു.കൃഷിയനുബന്ധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ കേരളം ആസൂത്രണം ചെയ്യണമെന്ന് നീതി ആയോഗ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മത്സ്യ സംസ്‌കരണ മേഖലയിലും ശ്രദ്ധയൂന്നണം. ഓയില്‍ പാം മേഖലയെ ശക്തിപ്പെടുത്താന്‍ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എട്ടു ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രോത്സാഹന പദ്ധതി തയ്യാറാക്കണം. സുഗന്ധ വ്യഞ്ജന ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവശ്യമായ ഇടപെടലിനു പിന്തുണ നല്‍കും.ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം വിജ്ഞാന സമൂഹമായി മാറുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദനാര്‍ഹമാണ്. ആ മേഖലയില്‍ രാജ്യത്തിനു മാതൃകയാവുന്ന വിധത്തില്‍ കൂടുതല്‍ സംഭാവന നല്‍കാന്‍ സാധിക്കണം. പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, അമിതഭാരം എന്നിവ കേരളത്തില്‍ കൂടിവരികയാണ്. സാംക്രമികേതര രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ സവിശേഷമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും ഡോ. വി. കെ. പോള്‍ അഭിപ്രായപ്പെട്ടു.എയിംസിന് അനുമതി ലഭ്യമാക്കാന്‍ നീതി ആയോഗ് പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികള്‍ക്കുള്ള പദ്ധതികള്‍, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കല്‍, കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ ഫ്ളൈറ്റ്, വിവിധ റെയില്‍ പദ്ധതികള്‍ക്കുള്ള അനുമതികള്‍ എന്നിവയിലും അനുകൂല സമീപനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, നീതി ആയോഗ് സീനിയര്‍ അഡൈ്വസര്‍ ഡോ. നീലം പട്ടേല്‍, അഡൈ്വസര്‍ സുധീര്‍ കുമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *